ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ; ടിപിആർ 18ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ
സംസ്ഥാനത്ത് ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് കർശന നിയന്ത്രണങ്ങൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18ന് മുകളിലുള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ആയിരിക്കും. ടിപിആർ 12നും 18നും ഇടയിലുള്ള സ്ഥലങ്ങളിൽ ലോക്ക് ഡൗണും 6നും 12നും ഇടയിലുള്ള സ്ഥലങ്ങളിൽ സെമി ലോക്ക് ഡൗണുമായിരിക്കും
ടിപിആർ ആറ് ശതമാനത്തിൽ താഴെയുള്ള സ്ഥലങ്ങളിൽ മാത്രമാണ് ഇളവുകളുണ്ടാകുക. നേരത്തെ ടിപിആർ 24ന് മുകളിലുള്ള സ്ഥലങ്ങളിൽ മാത്രമായിരുന്നു ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ സംസ്ഥാനത്ത് കൊവിഡ് വ്യാപനം പ്രതീക്ഷിച്ച രീതിയിൽ കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചത്.
തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് 13 പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക് ഡൗണും 19 തദ്ദേശ സ്ഥാപന പരിധികളിൽ ലോക്ക് ഡൗണുമാണ്. തിരുവനന്തപുരം നഗരമടക്കം 34 പ്രദേശങ്ങളിൽ സെമി ലോക്ക് ഡൗണാണ്.