Thursday, April 10, 2025
Kerala

കേരളത്തില്‍ പെട്ടെന്ന് നാശം വിതച്ച് അപ്രത്യക്ഷമാകുന്ന കാറ്റ്; കാരണം മേഘങ്ങളില്‍ നിന്നുള്ള വായുപ്രവാഹം

കോഴിക്കോട്: ഞൊടിയിടയില്‍ നാശം വിതച്ച് അപ്രത്യക്ഷമാകുന്ന കാറ്റ് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. അപ്രതീക്ഷിതമായുണ്ടാവുന്ന കാറ്റ് നാശനഷ്ടവും ജനങ്ങളില്‍ ഭീതി വിതക്കുന്നതുമാണ്. മേഘങ്ങളില്‍ നിന്നു താഴോട്ടു പെട്ടെന്നുണ്ടാകുന്ന ‘മിനി ടൊര്‍ണാഡോ’ എന്ന വായുപ്രവാഹമാണ് ഇതിനു കാരണമെന്നു കൊച്ചി സര്‍വകലാശാലയിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫറിക് റഡാര്‍ റിസര്‍ച് (അക്കാര്‍) ഡയറക്ടര്‍ ഡോ.എസ്. അഭിലാഷ് പറഞ്ഞു. മണ്‍സൂണ്‍ സമയത്ത് പടിഞ്ഞാറുനിന്നു കിഴക്കോട്ട് 40-50 കിലോമീറ്റര്‍ വേഗത്തില്‍ ഒരേദിശയില്‍ കാറ്റു വീശുന്നതു പതിവാണ്. ഈ കാറ്റിന്റെ സഞ്ചാരപാതയിലേക്ക് കൂമ്പാര മേഘങ്ങള്‍ കയറിവരുമ്പോള്‍ ഈ മേഘങ്ങളില്‍ നിന്നു താഴോട്ട് ചുഴലിപോലെ കുറച്ചുസമയത്തേക്കു വായുപ്രവാഹം ഉണ്ടാകും. ഇത് മണ്‍സൂണ്‍കാറ്റുമായി ചേര്‍ന്നു പ്രത്യേക ദിശയില്ലാതെ ചുഴലിപോലെ അങ്ങോട്ടും ഇങ്ങോട്ടും വീശിയടിക്കും. കുറച്ചുസമയത്തേക്കാണ് ഈ പ്രതിഭാസം അനുഭവപ്പെടുക. മേഘം നീങ്ങിക്കഴിയുമ്പോള്‍ കാറ്റും മാറും. ഇപ്പോള്‍ കൂമ്പാര മേഘങ്ങള്‍ പലസ്ഥലത്തും കാണപ്പെടുന്നുണ്ട്. കൊച്ചി, തൃശൂര്‍, പത്തനംതിട്ട എന്നിവിടങ്ങളിലും ഇത്തരം പ്രതിഭാസം അനുഭവപ്പെട്ടു. മേഘങ്ങളുടെ ഭാഗമായി വരുന്ന കാറ്റിനെ പ്രവചിക്കാന്‍ കഴിയില്ല. ഇത്തരം സംഭവങ്ങള്‍ ഈ വര്‍ഷം തുടര്‍ച്ചയായി കാണുന്നുണ്ടെന്നും ഡോ.അഭിലാഷ് പറഞ്ഞു. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍വരെ ചുഴലി വീശാം. ശരാശരി 4 മിനിറ്റിനകം ഇത് അവസാനിക്കാമെങ്കിലും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത രീതിയിലുളള നാശനഷ്ടമാണ് ഉണ്ടാവുക.

 

Leave a Reply

Your email address will not be published. Required fields are marked *