കെ. സുധാകരനെതിരെയുള്ള കേസ് ഇടത് സർക്കാർ ഒതുക്കിത്തീർക്കും; കെ. സുരേന്ദ്രൻ
കെ. സുധാകരനെതിരെയുള്ള കേസ് ഇടത് സർക്കാർ ഒതുക്കിത്തീർക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കെ.സുധാകരൻ പണം വാങ്ങിയതിന്റെ ഡിജിറ്റൽ തെളിവുകൾ സർക്കാരിന്റെ പക്കലുണ്ട്. പക്ഷേ തെളിവുകളുടെ മുകളിൽ പിണറായി സർക്കാർ അടയിരിക്കുകയാണ്.
യു.ഡി.എഫ് നേതാക്കൾക്കെതിരെയുള്ള ഒരു അഴിമതി കേസും പിണറായി സർക്കാർ അന്വേഷിച്ചിട്ടില്ല. കേസുകൾ ഒതുക്കി തീർക്കാനാണ് സർക്കാരിന് താൽപ്പര്യം. വി.ഡി. സതീശനെതിരെയുള്ള അഴിമതി കേസിൽ എല്ലാ തെളിവുകളുമുണ്ട്. എന്നാൽ ഒരു അന്വേഷണവും കാര്യക്ഷമമായി നടക്കില്ല. കോൺഗ്രസും സിപിഐഎമ്മും തമ്മിൽ നടക്കുന്നത് വ്യാജ ഏറ്റുമുട്ടലാണ്.
ബിജെപി നേതാക്കൾക്കെതിരെയും കേസ് എടുക്കുന്നുണ്ട്. തങ്ങൾ തെറ്റ് ചെയ്യാത്തതിനാലാണ് കേസുകളെടുത്താലും ഭയമില്ലാത്തത്. കെ. സുധാകരന് സ്റ്റേഷൻ ജാമ്യം കൊടുത്തത് തന്നെ വിചിത്രമായ കാര്യമാണ്. സർക്കാർ കെ. സുധാകരനെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയാണ്. സാംസ്‌കാരിക പ്രവർത്തകർ പാർട്ടി വിടുന്നത് ഒരുപാടു പറഞ്ഞു പഴകിയ കാര്യമാണെന്നും എല്ലാവർക്കും വലിയ സ്ഥാനം നൽകാൻ കഴിയില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
അതേസമയം, തൊണ്ടി സഹിതം പിടിക്കപ്പെട്ട പ്രതിയുടെ അവസ്ഥയാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരനെന്ന് എഎ റഹിം എം.പി പ്രതികരിച്ചു. ഭയം ഭരിക്കുന്നത് സർക്കാരിനേയല്ല, മറിച്ച് സുധാകരനെയാണ്. കെ. സുധാകരന് മോൻസനെ പേടിയാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് അദ്ദേഹത്തിനെതിരായ കേസിനെയാണ് പേടി. ജനം ഇതെല്ലാം കാണുന്നുണ്ട്.
കെ സുധാകരനെതിരായ നിയമനടപടിയിൽ എംവി ഗോവിന്ദൻ മാഷ് എവിടെ നിൽക്കുന്നു, മോൺസന്റെ സുഹൃത്തായ സുധാകരൻ എവിടെ നിൽക്കുന്നു. സുധാകരൻ എംവി ഗോവിന്ദൻ മാസ്റ്ററെ എന്ത് നിയമ നടപടിക്ക് വിധേയനാക്കാനാണെന്നും റഹിം പരിഹസിച്ചു.