നിഖില്‍ തോമസിന്റെ മൊഴി: അബിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടും; മാലിയില്‍ നിന്ന് എത്തിക്കാന്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസിറക്കും
നിഖില്‍ തോമസിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ എസ്എഫ്‌ഐ മുന്‍നേതാവ് അബിന്‍ സി രാജിനായി കേരളാ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടും. ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കി അബിനെ കേരളത്തില്‍ എത്തിക്കാനാണ് നീക്കം നടക്കുന്നത്. മാലിയില്‍ നിന്ന് അബിനെ നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോള്‍ സഹായത്തോടെ കേരള പൊലീസ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കുമെന്നാണ് വിവരം.
അബിന്‍ സി രാജാണ് ഡിഗ്രി ഉണ്ടാക്കാന്‍ സഹായിച്ചതെന്നാണ് നിഖിലിന്റ മൊഴി. ഇത് പ്രകാരമാണ് പൊലീസ് മാലിദ്വീപില്‍ ജോലി ചെയ്യുന്ന അബിനെ തേടുന്നത്. തന്റെ ഒളിത്താവളങ്ങള്‍ വെളിപ്പെടുത്താന്‍ നിഖില്‍ തോമസ് തയാറായിട്ടില്ല. ബസ് സ്റ്റാന്റിലും റെയില്‍വേ സ്റ്റേഷനുകളില്‍ കഴിഞ്ഞു എന്നാണ് നിഖിലിന്റെ വാദം. ഇത് പൊലീസ് വിശ്വസിക്കുന്നില്ല. മൊബൈല്‍ ഫോണ്‍ കായംകുളത്ത തോട്ടില്‍ എറിഞ്ഞെന്നാണ് നിഖിലിന്റെ മൊഴി. ഇത് കളവാണെന്നും പൊലീസ് പറയുന്നു. ഈ പശ്ചാത്തലത്തിലാണ് അബിനെ നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമങ്ങള്‍ നടത്തുന്നത്.
ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കിയിട്ടും അബിനെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങും. അതേസമയം കേസില്‍ നിഖില്‍ തോമസുമായുള്ള തെളിവെടുപ്പ് തുടരുകയാണ്. ഫോണ്‍ ഓടയില്‍ കളഞ്ഞെന്ന് പറഞ്ഞ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചെങ്കിലും നിഖിലിന്റെ മൊഴിയെ സാധൂകരിക്കുന്ന വിധത്തിലുള്ള യാതൊരു തെളിവുകളും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.