വ്യാജ ഡിഗ്രി വിവാദം; സര്‍ട്ടിഫിക്കറ്റ് എസ്എഫ്‌ഐ നേതൃത്വത്തിന് മുന്നില്‍ ഹാജരാക്കിയെന്ന് നിഖില്‍ തോമസ്
ആലപ്പുഴയില്‍ വ്യാജ ഡിഗ്രി വിവാദത്തില്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എസ്എഫ്‌ഐ നേതൃത്വത്തിന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ടെന്ന് നിഖില്‍ തോമസ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ ഇക്കാര്യം മാധ്യമങ്ങളോട് വിശദീകരിക്കുമെന്നും നിഖില്‍ തോമസ് പറഞ്ഞു.
നിഖില്‍ തോമസിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍. ആരോപണ വിധേയനായ നിഖില്‍ തോമസ് എംകോമിന് പഠിക്കുന്ന കായംകുളം എംഎസ്എം കോളജില്‍ കെ എസ് യു , എംഎസ്എഫ് മുന്നണി പ്രതിഷേധസംഗമം സംഘടിപ്പിക്കും. വ്യാജ ഡിഗ്രി വിവാദത്തില്‍ പ്രതിഷേധിച്ച് എംഎസ്എം കോളജിലെ കെഎസ്‌യുവും എംഎസ്എഫും പതിനൊന്ന് മണി മുതല്‍ പഠിപ്പ് മുടക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനിടെ കോളജ് മാനേജ്‌മെന്റും യോഗം ചേര്‍ന്നു. അടിയന്തര സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാമെന്ന് കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.
വ്യാജ രേഖ ഉപയോഗിച്ച് എംകോം പ്രവേശനത്തിന് നിഖില്‍ തോമസിനെ സഹായിച്ചത് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണെന്നാണ് കെ എസ് യുവിന്റെ ആരോപണം. ആരോപണ വിധേയനായ നിഖിലിന്റെ ഡിഗ്രി വിവരങ്ങള്‍ കോളജ് മാനേജ്മെന്റ് മറച്ചുവച്ചുവെന്നാണ് ആരോപണം. വിഷയത്തില്‍ ജില്ലാ പൊലീസ് മേധാവിക്കും വൈസ് ചാന്‍സലര്‍ക്കും കെഎസ്യു പരാതി നല്‍കി.