Wednesday, April 16, 2025
Kerala

ശബരിമല എരുമേലി വിമാനത്താവളത്തിന്റെ സാമൂഹിക ആഘാത പഠനറിപ്പോർട്ട്‌ പുറത്ത്; പദ്ധതി 579 കുടുംബങ്ങളെ ബാധിക്കും

ശബരിമല എരുമേലി വിമാനത്താവളത്തിന്റെ സാമൂഹിക ആഘാത പഠനറിപ്പോർട്ട്‌ പുറത്ത്. 579 കുടുംബങ്ങളെ പദ്ധതി ബാധിക്കും. ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളിൽ ഉള്ള 221 കുടുംബങ്ങളുടേത് ഉൾപ്പെടെ 474 വീടുകളിലെ ജനങ്ങളെ പൂർണമായും കുടിയിറക്കേണ്ടി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു. മൂന്നര ലക്ഷം മരങ്ങൾ പദ്ധതിക്കായി വെട്ടി മാറ്റണം. നഷ്ടങ്ങൾ ഉണ്ടാവുമെങ്കിലും ഗുണകരമായ പദ്ധതി എന്ന നിലയിൽ നഷ്ടപരിഹാരം നൽകി മുന്നോട്ട് പോകാനാണ് റിപ്പോർട്ടിലെ ശുപാർശ.

തിരുവനതപുരത്തെ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് തയാറാക്കിയ റിപ്പോർട്ട്‌ ആണ് സർക്കാരിന് മുന്നിലെത്തിയത്. പദ്ധതിക്കായി വീടുകൾ ഒഴിയേണ്ടിവരുന്നവരുടെ പേരു സഹിതം ആണ് 360 പേജ് ഉള്ള റിപ്പോർട്ട്‌ തയ്യാറാക്കപ്പെട്ടത്. 285 വീടുകളെയും 358 ഭൂവുടമകളേയുമാണ് പദ്ധതി നേരിട്ടു ബാധിക്കുക. കൂടാതെ ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളിൽ താമസിക്കുന്ന 221 കുടുംബങ്ങളും കുടിയിറങ്ങണം. എസ്റ്റേറ്റിലും പുറത്തുമായി തേക്കും പ്ലാവും ആഞ്ഞിലിയും റബ്ബറും അടക്കം മൂന്നര ലക്ഷം മരങ്ങൾ മുറിച്ച് മാറ്റണം.

എരുമേലി സൗത്ത്, മണിമല വില്ലേജുകളിലാണ് വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കുക. ആകെ 1039.8 ഹെക്ടർ സ്ഥലമാണു ഏറ്റെടുക്കുന്നത്. ഇതിൽ 916.27 ഹെക്ടർ ചെറുവള്ളി എസ്റ്റേറ്റിലും 123.53 ഹെക്ടർ സ്വകാര്യ വ്യക്തികളിൽ നിന്നും ലഭിക്കണം. കൂടാതെ, ഒരു പള്ളിയും ഒരു എൽ പി സ്കൂളും ഏറ്റെടുക്കേണ്ട പ്രദേശത്തുണ്ട്. ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട ഹിയറിങ് ജൂൺ 12, 13 തീയതികളിൽ നടക്കും. പദ്ധതിമൂലം ഉണ്ടാകുന്ന ഗുണം പരിഗണിച്ച് വിമാനത്താവളവുമായി മുന്നോട്ട് പോകാനാണ് റിപ്പോർട്ടിലെ ശുപാർശ.

Leave a Reply

Your email address will not be published. Required fields are marked *