Friday, January 10, 2025
Kerala

പ്രധാനമന്ത്രിയുടെ സന്ദർശനം; രാവിലെ 7 മുതൽ 2 മണി വരെ വാഹനനിയന്ത്രണം, തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോ അടച്ചിടും; റെയിൽവേ സ്‌റ്റേഷനിലും നിയന്ത്രണം; പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു തലസ്ഥാന നഗരം അതീവ സുരക്ഷാ വലയത്തിൽ.കേന്ദ്ര ഏജൻസികൾക്കു പുറമെ രണ്ടായിരത്തോളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.

രാവിലെ 10.15നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്‌നിക്കൽ ഏരിയയിൽ എത്തുന്നത്. പ്രധാനമന്ത്രിയുടെ യാത്രാ വഴികളിൽ പാർക്കിങ്ങുകൾ അനുവദിക്കില്ല. റെയിൽവേ സ്റ്റേഷൻ, സെൻട്രൽ സ്റ്റേഡിയം എന്നിവടങ്ങളുടെ സുരക്ഷക്രമീകരണം ഇതിനോടകം തന്നെ കേന്ദ്ര സേന ഏറ്റെടുത്തിട്ടുണ്ട്.

റെയിൽവേ സ്റ്റേഷനിലെ 1,2,3 പ്ലാറ്റ്‌ഫോമുകൾ പൂർണമായും സുരക്ഷാ മേഖലയാണ്. 4,5 പ്ലാറ്റ്‌ഫോമുകളിലേക്കു മാത്രമേ യാത്രക്കാർക്ക് പ്രവേശനം ഉണ്ടാവുകയുള്ളൂ. നഗരത്തിൽ രാവിലെ 7 മുതൽ 2 മണി വരെ വാഹനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയും അടച്ചിടും.

രാവിലെ 9. 30ന് കൊച്ചിയിൽ നിന്നും വിമാന മാർഗ്ഗം തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന പ്രധാനമന്ത്രി 10. 15ന് വിമാനത്താവളത്തിൽ എത്തും. 10.30 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് ട്രെയിൻ ഫ്‌ലാഗ് ഓഫ് ചെയ്യും. 10.50 വരെ റെയിൽവേ സ്റ്റേഷനിൽ ചിലവഴിക്കും. 11 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ എത്തുന്ന നരേന്ദ്രമോദി വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടീലും നിർവഹിക്കും. കൊച്ചി വാട്ടർ മെട്രോ രാജ്യത്തിന് സമർപ്പിക്കുന്നതാണ് ഇതിൽ പ്രധാനം. ഡിജിറ്റൽ മെട്രോയുടെ ഉദ്ഘാടനവും ചടങ്ങിൽ നിർവ്വഹിക്കും. കേന്ദ്രസർക്കാർ കേരളത്തിൽ നടപ്പിലാക്കുന്ന 3200 കോടി രൂപയുടെ വികസന പദ്ധതികളുടെ സമർപ്പണവും ഉണ്ടാവും. വിവിധ റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങിന്റെ ഭാഗമാകും. 12.40 ന് പ്രധാനമന്ത്രി തിരികെ ഗുജറാത്തിലേക്ക് മടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *