പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ. പശ്ചിമ കൊച്ചി മേഖലയിലെ വിവിധ സ്റ്റേഷനുകളിലായി പത്തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് പൊലീസ് കരുതൽ തടങ്കലിൽ ആക്കിയിരിക്കുന്നത്. പലരെയും ഇന്നലെ രാത്രി വീടുകളിലെത്തി പൊലീസ് കൊണ്ട് പോകുകയായിരുന്നു. പശ്ചിമ കൊച്ചി പൊലീസ് സ്റ്റേഷനിൽ നിലവിൽ മൂന്നു കോൺഗ്രസ് – യൂത്ത് കോൺഗ്രസ് പ്രവർത്തകരും സമീപമുള്ള സ്റ്റണിൽ മറ്റുള്ളവരെയും തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്. പ്രധാന മന്ത്രിയുടെ സുരക്ഷാ വർധിപ്പിക്കുന്നതിനുള്ള നടപടിയാണിതെന്ന് അധികൃതർ അറിയിച്ചു.
ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് പ്രധാനമന്ത്രി കൊച്ചി നാവിക സേന വിമാനത്താവളത്തിലെത്തുന്നത്. തുടർന്ന്, റോഡ് ഷോയായി തേവര സേക്രഡ് ഹാർട്ട് കോളേജ് ഗ്രൗണ്ടിലെത്തും. യുവം യൂത്ത് കോൺക്ലേവിൽ യുവജനങ്ങളുമായി പ്രധാനമന്ത്രി സംവദിക്കും. രാത്രി വെല്ലിങ്ടൺ ഐലൻഡിലെ താജ് മലബാർ ഹോട്ടലിൽ തങ്ങുന്ന പ്രധാനമന്ത്രി അവിടെവച്ച് സംസ്ഥാനത്തെ പ്രമുഖ ക്രൈസ്തവ സഭാ അധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും. സുരക്ഷാ ഭീഷണി ഉണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിൽ പഴുതടച്ച ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി 8 വരെ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.