തിരുവനന്തപുരം മെഡിക്കൽ കോളജ് കൊവിഡ് ചികിത്സക്ക് സജ്ജമാകുന്നു: 130 വെന്റിലേറ്റർ, 1400 കിടക്കകൾ
തിരുവനന്തപുരം മെഡിക്കൽ കോളജിലെ കൊവിഡ് ചികിത്സക്ക് പൂർണ സജ്ജമാക്കാൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിർദേശം. ഇതുപ്രകാരം യോഗം ചേർന്ന് വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച് തീരുമാനമായി. 486 കൊവിഡ് കിടക്കകളുള്ള മെഡിക്കൽ കോളജിനെ ചികിത്സക്കായി വിപുലീകരിച്ച് 1400 കിടക്കകളാക്കും
മെഡിക്കൽ കോളജ് ആശുപത്രിയിൽ 1100 കിടക്കകളും എസ്എടി ആശുപത്രിയിൽ 300 കിടക്കകളുമാണ് സജ്ജമാക്കുന്നത്. ഈ മാസം 30നകം ഈ കിടക്കകൾ സജ്ജമാക്കും. 115 ഐസിയു കിടക്കകൾ 200 ആക്കി വർധിപ്പിക്കും. ഇതിൽ 130 എണ്ണം വെന്റിലേറ്റർ സൗകര്യമുള്ളതായിരിക്കും. 227 ഓക്‌സിജൻ കിടക്കകൾ 425 ആയി വർധിപ്പിക്കും
കൊവിഡിതര രോഗികളെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് മാറ്റും. കൂടാതെ 16, 17,19, 19 വാർഡുകളിലും കൊവിഡിതര രോഗികളെ ചികിത്സിക്കും. കൊവിഡിതര രോഗികൾക്കായി 450 കിടക്കകളാണ് മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടാകുക. അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയയും മാറ്റിവെക്കും.
150 നഴ്‌സുമാരും 150 ക്ലീനിംഗ് സ്റ്റാഫിനെയും എൻ എച്ച് എം വഴി അടിയന്തരമായി നിയമിക്കും. നഴ്‌സുമാരുടെ വാക്ക് ഇൻ ഇന്റർവ്യു തിങ്കളാഴ്ച നടക്കും.