റെയിഞ്ച് ഓഫീസര്‍മാരുടെ പണിമുടക്കിനെ പ്രതിരോധിക്കാന്‍ വനംവകുപ്പ്; തിങ്കളാഴ്ച ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു
ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍മാരുടെ പണിമുടക്കിനെ പ്രതിരോധിക്കാന്‍ വനംവകുപ്പ് നീക്കം. പണിമുടക്ക് ദിവസമായ തിങ്കളാഴ്ച ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ പണിമുടക്ക് പിന്‍വലിക്കാന്‍ റെയിഞ്ച് ഓഫീസര്‍മാരുടെ സംഘടനയില്‍ ആലോചന തുടങ്ങി.
സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വനംവകുപ്പിലെ 18 ഉദ്യോഗസ്ഥരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരള ഫോറസ്റ്റ് റെയിഞ്ചേഴ്‌സ് അസോസിയേഷന്‍ വരുന്ന തിങ്കളാഴ്ച സൂചന പണിമുടക്കും ധര്‍ണയും പ്രഖ്യാപിച്ചത്. നടപടി നേരിട്ട ഉദ്യോഗസ്ഥര്‍ നിരപരാധികളാണെന്നായിരുന്നു സംഘടനയുടെ വാദം. നടപടി ഒഴിവാക്കാന്‍ ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ചും മറ്റും തുടക്കംമുതല്‍ പലവിധ ശ്രമങ്ങളുണ്ടായി. സസ്‌പെന്‍ഷന്‍ ഉത്തരവ് കൈമാറാതെയായിരുന്നു ആദ്യ നീക്കം. വനംമന്ത്രിയുടെ ഓഫീസില്‍ നിന്നും മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഉത്തരവ് കൈമാറാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയാറായത്.
പണിമുടക്ക് പിന്‍വലിക്കില്ലെന്നുറപ്പിച്ചതോടെ വനം വകുപ്പ് തിങ്കളാഴ്ച്ച ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. പണിമുടക്കുമായി മുന്നോട്ടു പോയാല്‍ ശമ്പളം തടയുന്നതും വകുപ്പുതല നടപടികളുമാണ് പരിഗണനയില്‍. വനം വകുപ്പ് നിലപാട് കടിപ്പിച്ചതോടെ സമരത്തില്‍ നിന്നും പിന്നോട്ട് പോകാനുള്ള ആലോചനകള്‍ ഫോറസ്റ്റ് റെയിഞ്ചേഴ്‌സ് അസോസിയേഷനുള്ളില്‍ തുടങ്ങി. നടപടി നേരിട്ട ഉദ്യോഗസ്ഥരെ തിരിച്ചെടുക്കുമെന്ന ഉറപ്പു ലഭിച്ചതുകൊണ്ടാണ് സമരത്തില്‍ നിന്നും പിന്നോട്ട് പോകുന്നതെന്നാണ് ഇപ്പോള്‍ ഉദ്യോഗസ്ഥരുടെ വിശദീകരണം. ഈ മാസം ഒമ്പതിനാണ് ദിവസവേതനക്കാരുടെ ലിസ്റ്റില്‍ വ്യാജ പേരുള്‍പ്പെടുത്തി പണം തട്ടിയ കൊല്ലം ആര്യങ്കാവ് റേഞ്ച് ഓഫീസിലെ 18 ഉദ്യോഗസ്ഥരെ വനവകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്.