വ്യാജമായി ശമ്പളം എഴുതിച്ചേര്‍ത്ത് പണം വീതിച്ചെടുത്തു; ആര്യങ്കാവ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസില്‍ കൂട്ട സസ്‌പെന്‍ഷന്‍
സാമ്പത്തിക ക്രമക്കേട് ആരോപണത്തിന് പിന്നാലെ കൊല്ലം ആര്യങ്കാവ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസില്‍ കൂട്ട നടപടി. റെയിഞ്ച് ഓഫീസിലെ 18 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. 2 റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍, 3 ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍, ഒരു സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, 11 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, ഒരു സീനിയര്‍ ക്ലര്‍ക്ക് എന്നിവര്‍ക്കെതിരെയാണ് നടപടി.
വ്യാജമായി ശമ്പളം എഴുതിയെടുത്ത് പണം തട്ടിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കണ്ടെത്തല്‍.ദിവസ വേതനക്കാരുടെ ലിസ്റ്റില്‍ വ്യാജ പേരുള്‍പ്പെടുത്തി 160000 രൂപയാണ് തട്ടിയെടുത്തത്. വനം വകുപ്പ് വിജിലന്‍സും ഫ്‌ലയിങ് സ്‌കോഡും ആണ് തട്ടിപ്പ് കണ്ടെത്തിയത്.
ആര്യങ്കാവ് നിന്ന് പുറത്തുവന്ന സാമ്പത്തിക തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ റെയിഞ്ച് ഓഫീസുകളില്‍ വ്യാപക പരിശോധനയ്ക്കാണ് വനംവകുപ്പ് ഒരുങ്ങുന്നത്. വനംവകുപ്പില്‍ കൃത്യമായി ഇത്തരം പരിശോധനകള്‍ നടക്കുന്നില്ലെന്ന് വ്യാപകമായി ആക്ഷേപം ഉയരുന്നതിനിടെയാണ് ആര്യങ്കാവ് പരിശോധന നടത്തിയത്. ദിവസവേതനക്കാരുടെ പേരുകള്‍ വ്യാജമായി എഴുതിച്ചേര്‍ത്ത് അക്കൗണ്ടുകളിലെത്തുന്ന പണം ഉദ്യോഗസ്ഥര്‍ വീതിച്ചെടുക്കുകയാണെന്ന് പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു.