Saturday, January 11, 2025
Kerala

മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ അതിക്രമം; കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഡി.ജി.പിക്ക് മന്ത്രിയുടെ നിര്‍ദേശം

മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല ക്യാമ്പസില്‍ രാത്രി അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥിനികളെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് കൃഷി മന്ത്രി പി പ്രസാദ്. ഇതുസംബന്ധിച്ച് പൊലീസ് ഡയറക്ടര്‍ ജനറലിന് മന്ത്രി നിര്‍ദേശം നല്‍കി.

ഇന്നലെ രാത്രിയിലാണ് അക്രമികള്‍ കാര്‍ഷിക സര്‍വകലാശാല ക്യാമ്പസില്‍ അതിക്രമിച്ച് കയറിയത്. അക്രമികള്‍ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവരെ അസഭ്യം പറഞ്ഞെന്നും ആക്രമിക്കുകയും ചെയ്തതെന്നാണ് പരാതി. കത്തി വീശി കോളജ് ക്യാംപസില്‍ അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. അക്രമികള്‍ക്ക് മാതൃകാപരമായ ശിക്ഷ നടപ്പാക്കണമെന്ന് മന്ത്രി പൊലീസിന് നിര്‍ദേശം നല്‍കി.

ഇന്നലെ രാത്രി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചിരുന്നു. അക്രമികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതിനെതിരെ കെ എസ് യു നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയും ചെയ്തു.

കാര്‍ഷിക സര്‍വകലാശാല നില നില്‍ക്കുന്ന പ്രദേശമായ തോട്ടപ്പടി സ്വദേശികളായ നൗഫല്‍, അജിത് എന്നിവരാണ് മദ്യലഹരിയില്‍ അക്രമം നടത്തിയത്. ഇരുചക്ര വാഹനത്തില്‍ മറ്റൊരാള്‍ക്കൊപ്പം ആണ് ഇവര്‍ എത്തിയത്. സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നേരെയും വിദ്യാര്‍ത്ഥികള്‍ക്ക് നേരെയും അസഭ്യ വര്‍ഷം നടത്തി. ഇതിനെ എതിര്‍ത്തതോടെയാണ് കത്തിവീശിയത്. ഇവരെ പിടികൂടിയ മണ്ണുത്തി പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു കെഎസ്‌യു നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ ധര്‍ണ നടത്തിയത്.

സംഭവത്തില്‍ സര്‍വകലാശാല അധികൃതര്‍ പരാതി നല്‍കാന്‍ തയ്യാറായില്ലെന്നും സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷയില്‍ നിന്നും ജീവനക്കാരുടെ സംഘടനകളും ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *