‘ഈ ഭീഷണിയും ഇന്ത്യ അതിജീവിക്കും’; രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ സിപിഐ, സിപിഐഎം മുഖപത്രങ്ങള്‍
രാഹുല്‍ ഗാന്ധി എം പി സ്ഥാനത്തിന് അയോഗ്യനെന്ന ലോക്‌സഭാ കൗണ്‍സില്‍ തീരുമാനത്തിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം, സിപിഐ മുഖപത്രങ്ങള്‍. ജനയുഗം, ദേശാഭിമാനി പത്രങ്ങള്‍ രൂക്ഷമായ ഭാഷയിലാണ് കേന്ദ്രസര്‍ക്കാരിനെയും ബിജെപിയേയും വിമര്‍ശിക്കുന്നത്. രാഹുലിനെതിരായ കോടതി വിധിയും പിന്നീട് അയോഗ്യനാക്കിയുള്ള നടപടിയുടെ വേഗതയും ഫാസിസ്റ്റ് പ്രവണതയെയാണ് വെളിപ്പെടുത്തുന്നതെന്നാണ് മുഖപത്രങ്ങള്‍ വിമര്‍ശിക്കുന്നത്. ‘ഇത് രാഹുലില്‍ അവസാനിക്കണം’ എന്ന പേരില്‍ എഴുതിയ മുഖ പ്രസംഗത്തിലൂടെ സിപിഐ മുഖപത്രവും ‘ഈ ഭീഷണിയും ഇന്ത്യ അതീജീവിയ്ക്കും’ എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലിലൂടെ സിപിഐഎം മുഖപത്രവും രാഹുലിനെതിരായ നടപടിയ്ക്ക് നേരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്നു. എഡിറ്റോറിയല്‍ പേജില്‍ ‘അയോഗ്യമാക്കപ്പെടുന്ന ജനാധിപത്യം’ എന്ന പേരില്‍ ദീര്‍ഘമായ ഒരു ലേഖനവും ദേശാഭിമാനി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജനാധിപത്യത്തിന് നേരെ മോദിസര്‍ക്കാര്‍ നടത്തുന്ന കടന്നാക്രമണം എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നുവെന്ന് സിപിഐഎം മുഖപത്രം കുറ്റപ്പെടുത്തി. ജനപ്രതിനിധികളെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന നീക്കം ആസൂത്രിതമാണെന്നും ദേശാഭിമാനി എഡിറ്റോറിയല്‍ ആരോപിക്കുന്നു. ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ ബിജെപി എത്രമാത്രം ഭയപ്പാടിലാണെന്ന് വെളിപ്പെടുത്തുന്നുവെന്ന് ജനയുഗം എഡിറ്റോറിയല്‍ പറയുന്നു. പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കങ്ങളാണ് ബിജെപിയെ ഭയപ്പെടുത്തുന്നതെന്നും ജനയുഗം എഡിറ്റോറിയലിലുണ്ട്.
മാനനഷ്ടക്കേസിലെ സൂറത്ത് കോടതി വിധിയ്ക്ക് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്തിന് അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയത്. വിധിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ എം പി സ്ഥാനത്തിന് ഇന്നലെ മുതല്‍ അയോഗ്യനാണെന്നാണ് വിജ്ഞാപനം. വിവാദങ്ങള്‍ക്കിടെ രാഹുല്‍ ഇന്ന് സഭയിലെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍ലമെന്റ് പ്രക്ഷ്ഭുതമായതിന് പിന്നാലെയാണ് ലോക്‌സഭ നിര്‍ണായകമായ ഉത്തരവ് പുറത്തിറക്കിയിരുന്നത്. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം.
ജോയിന്റ് സെക്രട്ടറി പി സി ത്രിപാഠി ഒപ്പുവച്ചുകൊണ്ടുള്ള വിജ്ഞാപനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. സെക്രട്ടറി ജനറല്‍ ഉത്പല്‍ കുമാര്‍ സിംഗിനായാണ് വിജ്ഞാപനം. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ എട്ട് അനുസരിച്ച് ആണ് രാഹുലിനെ എം പി സ്ഥാനത്തിന് അയോഗ്യനാക്കിയിരിക്കുന്നതെന്ന് വിജ്ഞാപനത്തിലൂടെ ലോക്‌സഭാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി.