ഹൈബി ഈഡന് എതിരായ സോളാർ പീഡന കേസ്; സി.ബി.ഐ കണ്ടെത്തലിനെ ചോദ്യം ചെയ്ത് പരാതിക്കാരിയുടെ ഹർജി
സോളാർ പീഡന കേസിൽ സി.ബി.ഐ കണ്ടെത്തലിനെ ചോദ്യം ചെയ്ത് പരാതിക്കാരി കോടതിയിൽ ഹർജി നൽകി. സി.ബി.ഐയുടെ കണ്ടെത്തലുകൾക്ക് എതിരേയാണ് പരാതി നൽകിയിരിക്കുന്നത്. ഹൈബി ഈഡന് എതിരായ കേസിലാണ് പരാതിക്കാരി ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. കേസ് സി.ബി.ഐക്ക് അവസാനിപ്പിക്കാൻ കഴിയില്ലെന്നും ഇര തെളിവ് കണ്ടെത്തിയില്ലെന്ന വാദം അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് പരാതിക്കാരിയുടെ വാദം. തെളിവ് കണ്ടേത്തേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും പരാതിക്കാരി ഹർജിയിൽ വ്യക്തമാക്കുന്നു.
താൻ നൽകിയ പരാതികളിൽ ആറിലും തെളിവില്ലെന്ന് കാട്ടിയാണ് സിബിഐ റിപ്പോർട്ട് നൽകിയത്. കോൺഗ്രസ് നേതാക്കളായ ഹൈബി ഈഡൻ, കെ സി വേണുഗോപാൽ, എ പി അനിൽകുമാർ, അടൂർ പ്രകാശ്, ഉമ്മൻചാണ്ടി, ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരെയായിരുന്നു പരാതി.
എ പി അബ്ദുള്ളക്കുട്ടിയെ സംരക്ഷിക്കുന്നതിനാണ് മറ്റുള്ളവരെകൂടി വെള്ളപൂശി റിപ്പോർട്ട് നൽകിയത്. ഇവർക്കെതിരെ തെളിവില്ലെന്നു പറയുന്ന സിബിഐയുടെ അന്തിമ റിപ്പോർട്ട് അംഗീകരിക്കാനാകില്ല. നീതി ലഭിക്കുംവരെ പോരാടും. എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാത്തവർക്കെതിരായ ഹർജി ഹൈക്കോടതിയിൽ നിലവിലുണ്ടെന്നും പരാതിക്കാരി പറഞ്ഞു. ആരോപണം നേരിട്ട ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ, ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ.പി.അനിൽകുമാർ, അബ്ദുല്ലക്കുട്ടി എന്നിവർക്കാണ് സിബിഐ ക്ലീൻചീറ്റ് നൽകിയത്.