സോളാർ പീഡന പരാതി; പരാതിക്കാരിയെ കെ.സി വേണുഗോപാൽ പീഡിപ്പിച്ചതിന് തെളിവില്ലെന്ന് സിബിഐ
സോളാർ പീഡന പരാതിയിൽ കെ.സി വേണുഗോപാലിനും സിബിഐയുടെ ക്ലീൻ ചിറ്റ്. പരാതിക്കാരിയെ കെ.സി വേണുഗോപാൽ പീഡിപ്പിച്ചതിന് തെളിവില്ലെന്നാണ് സിബിഐയുടെ കണ്ടെത്തൽ. അന്തിമ റിപ്പോർട്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകി. മൂന്ന് തവണ കെ.സി വേണുഗോപാൽ തന്നെ പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം.
2012 മെയ്മാസമാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതിക്കാരി സി.ബി.ഐക്ക് നൽകിയ പരാതിയിൽ പറയുന്നത്. അന്ന് ടൂറിസം മന്ത്രിയായിരുന്ന എ.പി അനിൽകുമാറിന്റെ വസതിയിൽവെച്ച് കെ.സി വേണുഗോപാൽ പീഡിപ്പിച്ചുവെന്നാണ് പരാതി. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയും കഴിഞ്ഞ പിണറായി സർക്കാർ ക്രൈംബ്രാഞ്ചിൽ നിന്ന് കേസ് സിബിഐക്ക് കൈമാറുകയുമായിരുന്നു.
ഏതാണ്ട് ഒരു വർഷത്തോളമായി കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചിട്ട്. അന്വേഷണ സംഘം മൂന്ന് തവണ പരാതിക്കാരിയിൽ നിന്നും മൊഴി എടുത്തിരുന്നു. വേണുഗോപാലിനെതിരെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പടെ കൈ മാറിയതായും പരാതിക്കാരി മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. സോളാർ തട്ടിപ്പ് കേസിലെ പ്രതി നൽകിയ പീഡന പരാതിയിൽ മുൻ മന്ത്രി എ.പി. അനിൽ കുമാറിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്നും സി.ബി.ഐ വ്യക്തമാക്കിയിരുന്നു.
യുവതിയുടെ പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കേന്ദ്രമന്ത്രിയായിരുന്ന കെ.സി. വേണുഗോപാൽ, മുൻമന്ത്രിമാരായ അടൂർ പ്രകാശ്, എ. പി. അനിൽകുമാർ, ഹൈബി ഈഡൻ, ബി.ജെ. പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുളള കുട്ടി എന്നിവർക്ക് എതിരെയാണ് സി.ബി.ഐ അന്വേഷണം നടത്തിയത്. ഹൈബി ഈഡനും അടൂർ പ്രകാശിനും എതിരായ അന്വേഷണം പൂർത്തിയാക്കിയ സി.ബി.ഐ പരാതിക്കാരിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയിരുന്നു.