കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിലെ ബലക്ഷയം ഭീകരമെന്ന് മദ്രാസ് ഐഐടി
കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിലെ ബലക്ഷയം രൂക്ഷമെന്ന് മദ്രാസ് ഐഐടിയുടെ പഠന റിപ്പോർട്ട്. 98 ശതമാനം തൂണുകളും 80 ശതമാനം ബീമുകളും 18 ശതമാനം സ്ലാബുകളും ബലപ്പെടുത്തണമെന്നാണ് നിർദ്ദേശം. ടെർമിനൽ ബലപ്പെടുത്താൽ 30 കോടിയോളം രൂപ ചെലവ് വരുമെന്നും ഗതാഗത മന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
പ്രതീക്ഷിച്ചതിനെക്കാൾ ഭയാനകമാണ് ടെർമിനൽ കെട്ടിടത്തിൻ്റെ അവസ്ഥ എന്ന് റിപ്പോർട്ടിൽ പറയുന്നു. 98 ശതമാനം തൂണുകളും 80 ശതമാനം ബീമുകളും 18 ശതമാനം സ്ലാബുകളും ബലക്ഷയത്തിലാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു വർഷമെങ്കിലും വേണ്ടിവരും. കെട്ടിടം ആർക്കിടെക്ടിനെതിരെ കേസെടുത്ത് നഷ്ടപരിഹാരം ഈടാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, സംസ്ഥാന സർക്കാർ തലത്തിൽ എഞ്ചിനീയറിംഗ് വിദഗ്ധർ നടത്തിയ പരിശോധനയിൽ വലിയ ബലക്ഷയമില്ലെന്നാണ് കണ്ടെത്തിയിരുന്നത്. ഇതിന് പൂർണ കടകവിരുദ്ധമായ റിപ്പോർട്ട് ആണ് മദ്രാസ് ഐഐടിയുടേത്.
2015ലാണ് ഈ ടെർമിനൽ കെട്ടിടത്തിൻ്റെ പണി പൂർത്തിയാകുന്നത്. 2021ൽ കെട്ടിടം അലിഫ് ഗ്രൂപ്പിന് പാട്ടത്തിനു നൽകി. ഓരോ മാസവും കെട്ടിടം വാടകയ്ക്ക് നൽകുന്നത് വൈകുമ്പോൾ പ്രതിമാസം സംസ്ഥാന സർക്കാരിന് 43 ലക്ഷം രൂപയാണ് നഷ്ടം.