Monday, January 6, 2025
Kerala

കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ പൊളിച്ചുമാറ്റില്ല; ബലപ്പെടുത്തിയാൽ മതിയാകുമെന്ന് ഐഐടി റിപ്പോർട്ട്

കോഴിക്കോട്: നിർമാണത്തിലെ അപാകതയുടെ പേരിൽ വിവാദത്തിലായ കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ പൊളിച്ചു മാറ്റേണ്ടി വരില്ലെന്ന് മദ്രാസ് ഐഐടി വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയതായി ഗതാഗത മന്ത്രി ആന്റണി രാജു. കെട്ടിടം ബലപ്പെടുത്താനാകുമെന്ന് ഐഐടി വിദഗ്ധർ കെഎസ്ആർടിസി സിഎംഡി ഉൾപ്പെടെയുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ അറിയിച്ചെന്നും മന്ത്രി പറഞ്ഞു. നിർമാണത്തിന് ചെലവായതിന്റെ പകുതിയിലധികം തുക അറ്റകുറ്റപ്പണിക്ക് ആവശ്യമായി വന്നാലേ കെട്ടിടം പൊളിക്കേണ്ട സാഹചര്യമുള്ളൂ. എന്നാൽ നിലവിലെ ടെർമിനൽ ബലപ്പെടുത്താൻ 25 ശതമാനത്തിൽ താഴെയേ ചെലവ് വരൂ. പൈലിംഗിൽ പോരായ്മകൾ ഉണ്ടോയെന്ന് കണ്ടെത്തുന്നതിനായി പരിശോധനകൾ പുരോഗമിക്കുകയാണ്. ഇക്കാര്യത്തിൽ മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് ലഭിക്കും. അപാകത കണ്ടെത്തിയാലും കെട്ടിടം പൊളിക്കാതെ ബലപ്പെടുത്താനാകുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ റിപ്പോർട്ട് ലഭിച്ച ശേഷം അറ്റകുറ്റപ്പണിയുമായി മുന്നോട്ട് പോകും. ഏത് രീതിയിൽ അറ്റകുറ്റപ്പണി നടത്തണം എന്നതിൽ ഐഐടി വിദഗ്ധരെ കൂടി ഉൾപ്പെടുത്തി തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. 

ആറു മാസം കൊണ്ട് അറ്റകുറ്റപ്പണി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഇതിന്റെ ചെലവ് കെടിഡിഎഫ്സി (KTDFC) വഹിക്കുമെന്നും ആന്റണി രാജു പറഞ്ഞു. ബസ് സർവീസിന് മുടക്കം സംഭവിക്കാത്ത തരത്തിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കരാർ കമ്പനിയുടെ വീഴ്ചയിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. 

കെടിഡിഎഫ്‍സി 70 കോടി രൂപ ചെലവില്‍ നിര്‍മിച്ച വാണിജ്യ സമുച്ചയം അപകടാവസ്ഥയിലെന്നും ഉടനടി ബലപ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ച് മദ്രാസ് ഐഐടി നേരത്തെ പ്രാഥമിക റിപ്പോര്‍ട്ട് നൽകിയിരുന്നു. അതേസമയം സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിക്ക് ഈ നിലപാട് അല്ലായിരുന്നു. ഉടനടി കെട്ടിടം ബലപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കാട്ടി  വിദഗ്ധ സമിതി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കെട്ടിടത്തിന്‍റെ  അടിസ്ഥാന ഘടനയിൽ ഊന്നി മാത്രമാണ് ഐഐടി പഠനം നടത്തിയതെന്നായിരുന്നു സർക്കാർ സമിതിയുടെ വിശദീകരണം. മദ്രാസ് ഐഐടി സ്ട്രക്ചറൽ എൻജിനീയറിംഗ് വിഭാഗം മേധാവി അളഗസുന്ദര മൂർത്തിയുടെ നേതൃത്വത്തിലാണ് പഠനം പൂർത്തിയാക്കിയത്. 

Leave a Reply

Your email address will not be published. Required fields are marked *