കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ: അന്വേഷണം കഴിയുമ്പോൾ പ്രതികളെ മനസ്സിലാകുമെന്ന് മന്ത്രി
കോഴിക്കോട് കെ എസ് ആർ ടി സി ബസ് ടെർമിനൽ നിർമാണത്തെ കുറിച്ചുള്ള വിജിലൻസ് റിപ്പോർട്ട് പുറത്തുവരുമ്പോൾ പ്രതികൾ ആരാണെന്ന് മനസ്സിലാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്ത ടെർമിനലാണിത്. ടി സിദ്ധിഖ് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു ആന്റണി രാജു
ആരെ ലക്ഷ്യമാക്കിയാണ് വിഷയത്തിൽ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതെന്ന് മന്ത്രി ചോദിച്ചു. മറ്റൊരു പാലാരിവട്ടം പാലം ആയോ എന്നത് അന്വേഷിക്കുകയാണ്. യുഡിഎഫ് കാലത്ത് നിർമിച്ച പദ്ധതി ഉദ്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. നിർമാണ പിഴവിനെ കുറിച്ച് ഈ സർക്കാർ നിയോഗിച്ച വിജിലൻസ് സംഘം അന്വേഷണം നടത്തുന്നുണ്ട്. രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് ലഭിക്കുമെന്നും തുടർ നടപടികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു
കെട്ടിടത്തിന് അറ്റകുറ്റപ്പണി നടത്തും. ഇതിനുള്ള ചെലവ് ഉത്തരവാദികളിൽ നിന്ന് ഈടാക്കും. വിദഗ്ധ സമിതിയെയും സർക്കാർ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എന്നാൽ യുഡിഎഫ് ലക്ഷ്യം വെച്ചത് കുറ്റവാളികളെ തന്നെയാണെന്ന് ടി സിദ്ധിഖ് പറഞ്ഞു. 74.79 കോടിക്ക് പൂർത്തിയായ പദ്ധതി വെറും കൽമന്ദിരമായി മാറി. ഐഐടി റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകളാണ് ഉള്ളത്. അലിഫ് ബിൽഡേഴ്‌സിന് ചുളുവിലക്ക് കെട്ടിടം സർക്കാർ കൊടുത്തു. 33 കോടി രൂപ ഇളവ് നൽകി. ഉടമകൾക്കെതിരെ പലയിടത്തും പോലീസ് കേസുണ്ടെന്നും ടി സിദ്ധിഖ് പറഞ്ഞു