പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കൊല്ലപ്പെട്ട പെൺകുട്ടിയ്ക്ക് 15 വയസെന്ന് കണ്ടെത്തൽ; പ്രതിക്ക് മേൽ പോക്സോ ചുമത്തും
ഝാർഖണ്ഡിലെ ദുംകയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കൊല്ലപ്പെട്ട പെൺകുട്ടിയ്ക്ക് 15 വയസെന്ന് കണ്ടെത്തൽ. നേരത്തെ കുട്ടിയ്ക്ക് 19 വയസുണ്ടെന്നായിരുന്നു പൊലീസ് റിപ്പോർട്ടിലുണ്ടായിരുന്നത്. എന്നാൽ, സംസ്ഥാന ശിശുക്ഷേമ സമിതിയാണ് പെൺകുട്ടിക്ക് 15 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് കണ്ടെത്തി. ഇതോടെ പിടിയിലായ യുവാവിനെതിരെ പോക്സോ വകുപ്പുകൾ കൂടി ചുമത്താൻ സമിതി നിർദേശിച്ചു.
ഈ മാസം 23നാണ് രാജ്യത്തെയാകെ നടുക്കിയ സംഭവമുണ്ടായത്. പ്ലസ് ടുവിൽ പഠിക്കുന്ന ഷാരൂഖ് എന്നയാളാണ് കത്തിച്ചുകൊന്നത്. പ്രണയാഭ്യർത്ഥന നിരസിച്ചതിനെതുടർന്ന് ഷാരൂഖ് കുട്ടിയെ കത്തിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഈ മാസം 28ന് മരണത്തിനു കീഴടങ്ങി. കുട്ടി ഉറങ്ങിക്കിടക്കെ ജനാലയിലൂടെ പെട്രോൾ ഒഴിച്ച പ്രതി തീകത്തിച്ചിട്ട് സ്ഥലംവിടുകയായിരുന്നു.