കരിപ്പൂർ വിമാനത്താവളം, ഭൂമി നഷ്ടപ്പെടുന്നവരെ പെരുവഴിയിലാക്കില്ല; മന്ത്രി വി അബ്ദുറഹ്മാൻ
കരിപ്പൂർ വിമാനാത്താവള വികസനത്തിനായുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് ഇന്ന് തുടക്കമാകുമെന്നും ഭൂമി നഷ്ടപ്പെടുന്നവരെ പെരുവഴിയിലാക്കില്ലെന്നും മന്ത്രി വി അബ്ദുറഹ്മാൻ. വിമാനത്താവളം നിലനിൽക്കണമെങ്കിൽ സ്ഥലം ഏറ്റെടുത്ത് സിവിൽ ഏവിയേഷന് കൈമാറണം. ആറു മാസത്തിനകം ഭൂമി ഏറ്റെടുക്കൽ നടന്നില്ലെങ്കിൽ വിമാനത്താവള വികസനം സാധ്യമല്ലാതാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൂമി നഷ്ടമാകുന്ന എല്ലാവർക്കും കൃത്യമായ നഷ്ടപരിഹാരം നൽകും. ഭൂമി വിട്ടു നൽകുന്നവർക്ക് പ്രത്യേക പാക്കേജ് തയ്യാറാക്കും. ഭൂഉടമകൾക്ക് നഷ്ടം വരാത്ത രീതിയിൽ മാത്രമേ ഭൂമി ഏറ്റെടുക്കൂ. കരിപ്പൂർ വിമാനത്താവള വികസനത്തിനായി എല്ലാവരുടേയും സഹകരണവും അദ്ദേഹം അഭ്യർത്ഥിച്ചു.
ജനങ്ങൾ സഹായിച്ചാൽ മാത്രമേ ഈ പദ്ധതി മുന്നോട്ട് കൊണ്ടു പോകാനാകൂ. കൃത്യമായ പാരിസ്ഥിതി ആഘാത പഠനം ഉൾപ്പെടെ നടത്തുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഭൂഉടമകൾക്ക് നഷ്ടപരിഹാരം നൽകിയതിനു ശേഷമേ സ്ഥലം ഏറ്റെടുക്കൂ. സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിൽ സർക്കാർ ഒരു വിട്ടുവീഴ്ച്ചയും നടത്തില്ലെന്നും നടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വി അബ്ദുറഹ്മാൻ വിശദീകരിച്ചു.