മലയാറ്റൂരിൽ ഓടിക്കൊണ്ടിരുന്ന കാർ ചിറയിലേക്ക് വീണു, രണ്ടു പേർ മരിച്ചു
കൊച്ചി : മലയാറ്റൂരിൽ ഓടിക്കൊണ്ടിരുന്ന കാർ ചിറയിലേക്ക് വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഇടുക്കി ഉപ്പുതറ സ്വദേശി ശ്രീനിവാസൻ, മുരിക്കാശ്ശേരി സ്വദേശി ബിനു എന്നിവരാണ് മരിച്ചത്. കാറിൽ നിന്ന് പുറത്തിറങ്ങി നിൽക്കുകയായിരുന്ന അഖിൽ എന്നയാൾ രക്ഷപ്പെട്ടു. അടിവാരത്തുള്ള മണപ്പാട്ട് ചിറയിലാണ് അപകടമുണ്ടായത്. പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് അപകടത്തിൽ മരിച്ച രണ്ടുപേരും. സംഘം നക്ഷത്ര തടാകം കാണുന്നതിന് എത്തിയതായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
മണപ്പാട്ട് ചിറക്കടുത്ത് എത്തിയപ്പോൾ സഹയാത്രക്കാരനായ അഖിലിന് ഫോൺ ചെയ്യാനായി വാഹനം നിർത്തിയിരുന്നു. ഫോൺ കട്ട് ചെയ്ത് അഖിൽ കയറുന്നതിന് തൊട്ട് മുൻപ് മുന്നോട്ട് എടുക്കാൻ ശ്രമിച്ച വാഹനം നിയന്ത്രണം നഷ്ടമായി ചിറയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് ദൃകസാക്ഷികൾ പറയുന്നത്. ഉടൻ രക്ഷാ പ്രവർത്തനം തുടങ്ങിയെങ്കിലും കാറിൽ ഉണ്ടായിരുന്ന രണ്ടുപേരും ശ്വാസം മുട്ടി മരിച്ചിരുന്നു. ഇടുക്കി ഉപ്പുതറ സ്വദേശിയാണ് ശ്രീനിവാസൻ, ബിനു മുരിക്കാശ്ശേരി സ്വദേശിയും. ബിനു ആയിരുന്നു വാൻ ഓടിച്ചിരുന്നത്. കാറിന്‍റെ ഡോർ പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തിൽപെട്ട വാഹനം പിന്നീട് ചിറയിൽ നിന്ന് പുറത്തെടുത്തു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.