സഭാ വസ്ത്രം അഴിച്ചുവെച്ച് ഫാ.തോമസ് കോട്ടൂര്‍ ജയില്‍ ജീവിതം തുടങ്ങി; ശിരോവസ്ത്രം അഴിച്ചു വെക്കാതെ സിസ്റ്റര്‍ സെഫി
സഭാ വസ്ത്രം അഴിച്ചുവെച്ച് ഫാ.തോമസ് കോട്ടൂര്‍ ജയില്‍ ജീവിതം തുടങ്ങി. ബുധനാഴ്ച്ച ഉച്ചയോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇരുവരെയും ജയിലില്‍ എത്തിച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ഇനിമുതല്‍ 4334 എന്നാണ് ഫാ.തോമസ് കോട്ടൂരിന്റെ മേല്‍വിലാസം. കൂട്ടുപ്രതി സിസ്റ്റര്‍ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കാണ് മാറ്റിയത്.
അട്ടക്കുളങ്ങര ജയിലിലെ 15ാം നമ്പര്‍ തടവുകാരിയാണ് സിസ്റ്റര്‍ സെഫി.ശിരോവസ്ത്രം അഴിക്കുന്നില്ല, ആഹാരം കഴിക്കുന്നില്ല, ജയിലിലെ രണ്ടാം രാത്രിയിലും ഉറങ്ങാതിരുന്ന് പ്രാര്‍ത്ഥന മാത്രം. അഭയാ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച സിസ്റ്റര്‍ സെഫിയുടേത് ജയില്‍ അധികൃതരോട് സഹകരിക്കാത്ത സമീപനം. കുറ്റക്കാരിയെന്ന് വിധിച്ച് ജയിലില്‍ എത്തിയ ദിവസത്തേതിന് സമാനമായിരുന്നു ശിക്ഷ വിധി കേട്ട ശേഷം തിരിച്ചെത്തിയ സെഫിയുടെ പ്രവര്‍ത്തികള്‍.
കന്യാസ്ത്രീയുടെ വസ്ത്രം അഴിക്കാതെയാണ് ജയിലിനുള്ളിലെ കൊറോണ ക്വാറന്റീന്‍ സെന്ററിലെ സെഫിയുടെ വാസം. എന്നാൽ കോട്ടൂരാൻ എല്ലാം മറന്നത് പോലെയാണ്. ളോഹ അഴിച്ചു മാറ്റി കൈലി ഉടുത്താണ് ജയിലിലെ കോട്ടൂരാന്റെ ജീവിതം. ആഹാരവും കഴിക്കുന്നു. ഉറക്കത്തിനും പ്രശ്‌നമില്ല. എന്നാല്‍ സെഫിയുടെ ജയില്‍ വാസം അധികൃതര്‍ക്ക് തലവേദനായണ്. കൊറോണ ക്വാറന്റീനിലായതു കൊണ്ടാണ് ജയില്‍ വസ്ത്രം സെഫിക്ക് കൊടുക്കാത്തത്.
അതുകൊണ്ട് തന്നെ ശിരോവസ്ത്രത്തില്‍ അവര്‍ക്ക് ജയിലിലും തല്‍കാലം കഴിയാനാകും. ആഹാരം കഴിക്കാത്തതും ഉറങ്ങാത്തതുമാണ് പ്രതിസന്ധി. ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന ആശങ്ക ജയില്‍ അധികൃതര്‍ക്കുണ്ട്.14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഫാ. കോട്ടൂര്‍ ക്വാറന്റീന്‍ ബ്ലോക്കില്‍ ഒറ്റയ്ക്കാണ്. സിസ്റ്റര്‍ സെഫിക്കൊപ്പം 5 പ്രതികളുണ്ട്.
കേസില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് 2 പേരെയും ചൊവ്വാഴ്ച ഇതേ ജയിലുകളിലാണു പാര്‍പ്പിച്ചത്. ക്വാറന്റീന്‍ കാലയളവ് അവസാനിച്ചാല്‍ ഫാ. കോട്ടൂരിനെ സെല്‍ ബ്ലോക്കിലേക്കു മാറ്റും. ജയിലില്‍ ഇടാനുള്ള വസ്ത്രങ്ങള്‍ അടക്കമാണ് എത്തിയത്. അങ്ങനെ കൊണ്ടു വന്ന കൈലി ധരിച്ചാണ് ക്വാറന്റീനില്‍ കഴിയുന്നത്. ഈ കാലം കഴിയുമ്ബോള്‍ അച്ചനും ജയില്‍ വസ്ത്രങ്ങള്‍ കൈമാറും.
ഇതോടെ എല്ലാ അര്‍ത്ഥത്തിലും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട തടവു പുള്ളിയായി കോട്ടൂര്‍ മാറും.കൊലക്കേസില്‍ കോടതി ശിക്ഷിച്ച് ജയിലില്‍ അടച്ചെങ്കിലും ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും സഭാ രേഖകളില്‍ പുരോഹിതരായി തുടരും. ഇവരുടെ അപ്പീല്‍സാധ്യത കണക്കിലെടുത്താണ് തീരുമാനം എന്നറിയുന്നു. ഇവരുടെ പേരിലുള്ള ആരോപണങ്ങള്‍ അവിശ്വസനീയമാണെന്ന് കോട്ടയം അതിരൂപത പറഞ്ഞിരുന്നു.
സഭ നടപടി എടുക്കാത്തതു കൊണ്ടു തന്നെ ഇവര്‍ക്ക് ളോഹയും ശിരോവസ്ത്രവും അണിയാന്‍ വിശ്വാസപരമായി കഴിയും. കോടതിയുടെ ശിക്ഷാ നടപടിക്ക് പിന്നാലെ ഇരുവരുടെയും പൗരോഹിത്യം നീക്കല്‍ നടപടികള്‍ ഇപ്പോഴുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇവര്‍ക്ക് അപ്പീല്‍സാധ്യത ഉള്ളതുകൊണ്ടാണിത്.
ഇവരുടെപേരിലുള്ള ആരോപണങ്ങള്‍ അവിശ്വസനീയമാണെന്നാണ് കോട്ടയം അതിരൂപതയുടെ പ്രതികരണം. വിധിക്കെതിരേ അപ്പീല്‍ നല്‍കാനും നിരപരാധിത്വം തെളിയിക്കാനും പ്രതികള്‍ക്ക് അവകാശമുണ്ടെന്നും അതിരൂപത വ്യക്തമാക്കുന്നു.