അഭയ കൊലപാതക കേസിൽ പ്രതികളായ ഫാദർ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്ക് ജീവപര്യന്തം
സിസ്റ്റർ അഭയ കൊലപാതക കേസിൽ പ്രതികളായ ഫാദർ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്ക് ജീവപര്യന്ത തടവുശിക്ഷ. 28 വർഷങ്ങൾക്ക ശേഷമാണ് അഭയകേസിൽ വിധി വരുന്നത്. തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ സനൽകുമാറാണ് വിധി പറഞ്ഞത്. പ്രതികൾ ഇരുവരും കുറ്റക്കാരാണെന്ന് കോടതി ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു.
ഒന്നാം പ്രതി ഫാദർ തോമസ് എം കോട്ടൂരിനെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ, അതിക്രമിച്ചു കയറൽ തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞത്. സിസ്റ്റർ സെഫിക്കെതിരെ കൊലപാതകവും തെളിവ് നശിപ്പിക്കലുമാണ് തെളിഞ്ഞത്. ഇരുപ്രതികൾക്കും അഞ്ച് ലക്ഷം രൂപ വീതം പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്. കൂടാതെ തോമസ് കോട്ടൂരിന് ഒരു ലക്ഷം രൂപ അധികമായും പിഴ വിധിച്ചിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയതോടെ പ്രതികളെ ഇന്നലെ വൈദ്യപരിശോധനക്ക് ശേഷം ജയിലുകളിലേക്ക് മാറ്റിയിരുന്നു.
കോട്ടൂരിലെ പൂജപ്പുര ജയിലിലേക്കും സെഫിയെ അട്ടക്കുളങ്ങര ജയിലിലേക്കുമാണ് മാറ്റിയിരുന്നത്. ഒരു വർഷം മുമ്പ് ആരംഭിച്ച വിചാരണ നടപടികൾ ഈ മാസം 10ന് അവസാനിച്ച ശേഷമാണ് വിധി പറയാനായി മാറ്റിയത്. 1992 മാർച്ച് 27നാണ് സിസ്റ്റർ അഭയയെ കോട്ടയം പയസ് ടെൻത് കോൺവെന്റ് വളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രതികൾ തമ്മിലുള്ള ശാരീരിക ബന്ധം അഭയ കാണുകയും ഇത് മൂടിവെക്കുന്നതിന്റെ ഭാഗമായി അഭയയെ കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് സിബിഐയുടെ കുറ്റപത്രത്തിൽ പറയുന്നത്. കോടാലി കൈ കൊണ്ട് തലയ്ക്ക് പിന്നിൽ അടിക്കുകയും ബോധം കെട്ട അഭയ മരിച്ചെന്ന് കരുതി പ്രതികൾ കിണറ്റിലേക്ക് തള്ളുകയുമായിരുന്നു. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച് ആത്മഹത്യയെന്ന് അവസാനിപ്പിച്ച കേസാണ് സിബിഐ ഏറ്റെടുത്ത് 28 വർഷത്തിന് ശേഷം തെളിയിച്ചിരിക്കുന്നത്.