കുട്ടികള്‍ക്ക് മാനസിക സാമൂഹിക പിന്തുണയുമായി ‘സര്‍ഗവസന്തം’
കോവിഡിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് മാനസിക സാമൂഹിക പിന്തുണ ഉറപ്പാക്കുന്നതിന് സംസ്ഥാന വനിത ശിശുവികസന വകുപ്പ് ‘സര്‍ഗവസന്തം’ എന്ന പേരില്‍ ഓണ്‍ലൈന്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതായി ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്. വീട്ടില്‍ തന്നെ കഴിയേണ്ട സാഹചര്യം മനസിലാക്കിയുള്ള പരിപാടികളാണ് സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി വനിത ശിശുവികസന വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ചിത്രരചന (പെന്‍സില്‍) മത്സരം – ‘കളര്‍ ഓഫ് ഫ്യൂച്ചര്‍’, സിനിമാറ്റിക് ഡാന്‍സ്/ഫ്യൂഷന്‍ ഡാന്‍സ് മത്സരം – ‘ലെറ്റസ് ഡാന്‍സ് ടുഗതര്‍’, ക്രാഫ്റ്റ് മത്സരം – ‘വെല്‍ത് ഔട്ട് ഓഫ് വേസ്റ്റ്’, വീഡിയോഗ്രാഫി – ദൈനംദിന ജീവിതത്തിലെ സൃഷ്ടിപരമായ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ – ‘ഹൗസ്ഫുള്‍’, കുടുംബത്തോടൊപ്പം മഹാമാരിയെ എങ്ങനെ അതിജീവിക്കാം എന്ന വിഷയത്തെ അധികരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ – ‘പ്രാണ’, ഓണ്‍ലൈന്‍ എക്‌സിബിഷന്‍ – ‘ക്രീയേറ്റീവ് ലാബ്’, ഒരുമയുടെ ലോകം എന്ന വിഷയത്തെ ആസ്പദമാക്കി കുടുംബാംഗങ്ങളോടൊപ്പമുള്ള ഏതൊരു പ്രവര്‍ത്തനവും – ‘ചലഞ്ച് എ ഫാമിലി’, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സര്‍ഗവാസനകള്‍ പ്രകടിപ്പിക്കാനുള്ള പരിപാടികള്‍ – ‘ഐ കാന്‍’, ഓണ്‍ലൈന്‍ ക്യാമ്പ് എന്നിവയാണ് പ്രധാന പരിപാടികള്‍.