മദ്യവില കൂട്ടിയത് അഴിമതി; സംസ്ഥാനത്ത് ഗുരുതര വിലക്കയറ്റമെന്ന് രമേശ് ചെന്നിത്തല
സംസ്ഥാനത്ത് പാലിനും മദ്യത്തിനും വില വര്‍ധിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനം ഗുരുതരമായ വിലക്കയറ്റം നേരിടുന്ന സാഹചര്യമാണുളളത്. മദ്യത്തിന് വില കൂട്ടിയത് അഴിമതിയാണ്. പാലിന്റെ വില കൂട്ടി ജനങ്ങളുടെ മേല്‍ സര്‍ക്കാര്‍ ഭാരം അടിച്ചേല്‍പ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
വര്‍ഷങ്ങളായി ഇന്ത്യയിലെ മദ്യക്കമ്പനികള്‍ വില്‍പ്പന നികുതി എടുത്തുകളഞ്ഞ് അവരെ സഹായിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നതാണ്. ടി.പി രാമകൃഷ്ണന്‍ ചെയ്യാന്‍ മടിച്ച കാര്യമാണ് ഇപ്പോള്‍ ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില്‍പ്പന നികുതിഎടുത്തുകളഞ്ഞതുവഴി ഗുണമുണ്ടാകുന്നത് വന്‍കിട മദ്യക്കമ്പനികള്‍ക്കാണ്.
Read Also: പാല്‍ വില ലിറ്ററിന് 6 രൂപ കൂടും; ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍
വര്‍ഷങ്ങളായി സര്‍ക്കാര്‍ അംഗീകരിക്കാത്ത കാര്യം ഇപ്പോള്‍ നടപ്പിലാക്കുന്നതിന് പിന്നില്‍ വലിയ അഴിമതിയുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. മദ്യത്തിന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിലയുള്ള സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുന്നു. എക്‌സൈസ് വകുപ്പ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കറവപ്പശുവാണെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി. മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.