പാലായില്‍ സ്ഥാപിച്ച പുതിയ പോസ്റ്ററിലും പ്രതിപക്ഷ നേതാവിന്റെ ചിത്രമില്ല; പോസ്റ്റര്‍ തിരുത്തിയിട്ടും കെട്ടടങ്ങാതെ വിവാദം
കോട്ടയം പാലായില്‍ വീണ്ടും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കി യൂത്ത് കോണ്‍ഗ്രസ് പരിപാടിയുടെ പോസ്റ്റര്‍. യൂത്ത് കോണ്‍ഗ്രസ് പാലായില്‍ സ്ഥാപിച്ച ശശി തരൂരിന്റെ പരിപാടിയുടെ ബോര്‍ഡിലാണ് വി ഡി സതീശന്റെ പേരില്ലാത്തത്. യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയാണ് നഗരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയോ കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെയോ പേരോ ചിത്രമോ പോസ്റ്ററിലില്ല. ആദ്യമിറക്കിയ പോസ്റ്ററില്‍ പ്രതിപക്ഷനേതാവിന്റെ ചിത്രമില്ലാത്തത് വിവാദമായതിനെ തുടര്‍ന്ന് വി ഡി സതീശനെ ഉള്‍പ്പെടുത്തി പുതിയ പോസ്റ്റര്‍ ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വി ഡി സതീശന്റെ പേരില്ലാത്ത ബോര്‍ഡ് പാലായില്‍ സ്ഥാപിച്ചത്.
എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പരിപാടിയെക്കുറിച്ച് കൂടിയാലോചിച്ചില്ലെന്ന പരാതിയാണ് ഡിസിസിക്കുള്ളത്. യൂത്ത് കോണ്‍ഗ്രസിന്റെ പരിപാടിയെക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങള്‍ വഴിയാണെന്ന് കോട്ടയം ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷ് പറഞ്ഞു. പെട്ടെന്ന് നിശ്ചയിച്ചതല്ലാതെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് ഡിസിസിയോട് ആലോചിക്കണമെന്നത് സംഘടനാപരമായ ഒരു രീതിയാണെന്ന് നാട്ടകം സുരേഷ് പറഞ്ഞു. എന്നാല്‍ ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള പരിപാടിയെക്കുറിച്ച് കൂടിയാലോചന നടത്തിയില്ല. യൂത്ത് കോണ്‍ഗ്രസിന്റെ കീഴ് വഴക്കം അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.