സതീഷ് ബാബു പയ്യന്നൂരിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂരിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മലയാള സാഹിത്യത്തിന് തന്റേതായ സംഭാവനകള്‍ നല്‍കിയ എഴുത്തുകാരനാണ് സതീഷ് ബാബുവെന്ന് മുഖ്യമന്ത്രി അനുശോചിച്ചു.
‘ലളിതമായ ഭാഷയില്‍ എഴുതിയിരുന്ന അദ്ദേഹത്തിന്റെ കഥകള്‍ മലയാളി വായനക്കാര്‍ക്ക് പ്രിയപ്പെട്ടതാണ്. ദൃശ്യമാധ്യമ രംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഭാരത് ഭവന്റെ മെമ്പര്‍ സെക്രട്ടറി എന്ന നിലയില്‍ സാംസ്‌കാരിക വിനിമയത്തിനുതകുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ സജീവമായി ഇടപെട്ടു.
അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു’. പിണറായി വിജയന്‍ അനുശോചിച്ചു.
ഭാര്യയ്‌ക്കൊപ്പം വഞ്ചിയൂരിലെ ഫ്ളാറ്റിലായിരുന്നു സതീഷ് ബാബു താമസിച്ചിരുന്നത്. ഭാര്യ ഇന്നലെ നാട്ടില്‍ പോയിരുന്നു. ഫോണില്‍ വിളിച്ച് കിട്ടാത്തതിനാല്‍ അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് വാതില്‍ തുറന്ന് പരിശോധിക്കുകയായിരുന്നു. ഫ്ളാറ്റിലെ ലിവിങ് റൂമിലുള്ള സോഫയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിലാണ് ജനിച്ചതെങ്കിലും കാസര്‍ഗോഡും കണ്ണൂരും തിരുവനന്തപുരത്തുമായി സതീഷ് ബാബു തന്റെ കര്‍മ്മമണ്ഡലം സജീവമാക്കി. മലയാള സാഹിത്യത്തിലും ദ്യശ്യ മാധ്യമ രംഗത്തും സതീഷ് ബാബുവിന്റെ സംഭാവനകള്‍ വിലപ്പെട്ടതാണ്. രണ്ടു കഥാസമാഹാരങ്ങളും ഏഴു നോവലുകളും പ്രസിദ്ധീകരിച്ചു.