നഗരസഭാ കത്ത് വിവാദം; മേയർ ആര്യ രാജേന്ദ്രന്റെ മൊഴി രേഖപ്പെടുത്തി ക്രൈം ബ്രാഞ്ച് സംഘം
നഗരസഭാ കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്റെ മൊഴി ക്രൈം ബ്രാഞ്ച് സംഘം രേഖപ്പെടുത്തി. മേയറുടെ ഓഫീസ് ജീവനക്കാരുടെ മൊഴിയും ഇതിനൊപ്പം എടുത്തിട്ടുണ്ട്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് വീണ്ടും ഇവരുടെ മൊഴി എടുത്തത്.
തിരുവനന്തപുരം കോർപറേഷനിലെ നിയമനക്കത്ത് വിവാദത്തിനെതിരായ യുഡിഎഫ് സമരവേദിയിൽ ഇന്ന് ശശി തരൂരും എത്തിയിരുന്നു. പാർട്ടിക്കുവേണ്ടി മാത്രം പ്രവർത്തിക്കുന്ന മേയർ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മേയർ രാജിവയ്ക്കണമെന്നും ശശി തരൂർ പറഞ്ഞു. സ്വന്തം മണ്ഡലത്തിലെ പ്രതിഷേധ പരിപാടികളിൽ തരൂർ പങ്കെടുക്കുന്നില്ലെന്ന വിമർശനങ്ങൾക്കിടെയാണ് യുഡിഎഫ് സമരവേദിയിൽ തരൂരിന്റെ സാന്നിധ്യം.
കോർപറേഷനിലെ ജോലിയെ പാർട്ടിയുടെ ജോലിയാക്കാൻ മേയർക്ക് യാതൊരു അധികാരവുമില്ലെന്ന് തരൂർ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ജയിച്ചതുകൊണ്ട് മാത്രം കാര്യമില്ല. എല്ലാവരുടേയും മേയറായി മാറണം. മേയർ രാജിവയ്ക്കണമെന്ന് താനാണ് ആദ്യം ആവശ്യപ്പെട്ടത്. വിഷയത്തിൽ ജനാധിപത്യ രീതിയിൽ സമരം ചെയ്തവരോട് പൊലീസ് കാണിച്ച ക്രൂരതകൾ ക്ഷമിക്കാനാകില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.
സമരവേദിയിലെത്തിയ ശശി തരൂരിനെ പ്രവർത്തകർ ഷാൾ അണിയിച്ചും മുദ്രാവാക്യം വിളിച്ചും സ്വീകരിച്ചു. പാലോട് രവി, എൻ ശക്തൻ, കെ എസ് ശബരീനാഥൻ എന്നിവർക്കൊപ്പമാണ് തരൂർ വേദി പങ്കിട്ടത്.