Wednesday, January 8, 2025
Kerala

പി വി അന്‍വറിന്റെ പാര്‍ക്ക് തുറക്കാനുള്ള സര്‍ക്കാര്‍ അനുമതി: നിയമപോരാട്ടത്തിന് നദീ സംരക്ഷണ സമിതി

പി വി അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്ക് തുറക്കാനുള്ള നീക്കത്തിനെതിരെ കേരള നദീ സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിക്കും. കേസ് ഹൈക്കോടതിയിലിരിക്കെ പാര്‍ക്ക് തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിക്കുന്നത്. ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. തടയണ പൊളിക്കാന്‍ നേരത്തെ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. കക്കാടംപൊയില്‍ ഉരുള്‍പൊട്ടല്‍ മേഖലയായതിനാല്‍ അപകട സാധ്യത കൂടുതലാണ്. ഈ കാര്യങ്ങള്‍ പരിഗണിക്കാതെയാണ് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്നും കേരള നദീ സംരക്ഷണ സമിതി ഹര്‍ജിയിലൂടെ ചൂണ്ടിക്കാട്ടി. മണ്ണിന്റെ ഉറപ്പ് പരിശോധിക്കാന്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ചത് ഉടമയെ സഹായിക്കാന്‍ വേണ്ടിയെന്നും കേരള നദീ സംരക്ഷണ സമിതി ആരോപണമുയര്‍ത്തി.

ഇന്നലെയാണ് കോഴിക്കോട് കക്കാടം പൊയിലിലെ പി വി അന്‍വറിന്റെ പാര്‍ക്ക് ഭാഗികമായി തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ആദ്യഘട്ടത്തില്‍ കുട്ടികളുടെ പാര്‍ക്കാകും തുറക്കുക. പ്രദേശത്ത് അപകടസാധ്യതയില്ലെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്.

പിവിആര്‍ നാച്ചുറോ പാര്‍ക്ക് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് പിവി അന്‍വര്‍ എംഎല്‍എ സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് പാര്‍ക്കിനെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ദുരന്ത നിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. ദുരന്തനിവാരണ അതോറിറ്റി സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കുട്ടികളുടെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്ന ഭാഗം തുറന്ന് കൊടുക്കാന്‍ അനുമതി നല്‍കിയിരുന്നത്. കുട്ടികളുടെ പാര്‍ക്കിന്റെ പ്രവര്‍ത്തനം സ്റ്റീല്‍ ഫെന്‍സിങ്ങിന് ഉള്ളില്‍ ആയിരിക്കണം എന്നും വാട്ടര്‍ റൈഡുകള്‍ നിര്‍മിച്ച സ്ഥലവുമായി ഇതിന് ബന്ധം ഇല്ല എന്ന് പാര്‍ക്കിന്റെ ഉടമ ഉറപ്പ് വരുത്തണം എന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *