ഒരു വയസുകാരിയെ വലിച്ചെറിഞ്ഞ സംഭവം: കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത് കേരള സംസ്ഥാന ശിശുക്ഷേമ സമിതി
കൊല്ലം: മദ്യലഹരിയിൽ ദമ്പതികൾ എടുത്തെറിഞ്ഞതിനെ തുടര്‍ന്ന് പരിക്കേറ്റ ഒരു വയസ്സുകാരിയുടെ സംരക്ഷണം ഏറ്റെടുത്ത് കേരള സംസ്ഥാന ശിശുക്ഷേമ സമിതി. കൊല്ലത്ത് ചിന്നക്കട കുറവൻ പാലത്തെ വാടക വീട്ടിൽ താമസിക്കുന്ന തിരുനെൽവേലി സ്വദേശികളാണ് കുഞ്ഞിനെ മദ്യലഹരിയിൽ വലിച്ചറിഞ്ഞത്. കുട്ടി ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കൽ കോളേജ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തിരുവനന്തപുരം ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരമാണ് കുട്ടിയുടെ സംരക്ഷണം സമിതി ഏറ്റെടുത്തത്. കുട്ടിയുടെ പരിചരണത്തിനായി സമിതിയിൽ നിന്നുള്ള അമ്മമാരെ ആശുപത്രിയിൽ എത്തിച്ചു.
എസ് എ ടി ആശുപത്രിയിലെത്തിയ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺഗോപി തീവ്രപരിചരണ വിഭാഗത്തിലെത്തി കുട്ടിയെ പരിചരിക്കുന്ന ഡോക്ടറുമായി സംസാരിച്ചു. കുട്ടിയുടെ ആരോഗ്യ സ്ഥിതി വീണ്ടെടുത്ത് വരുന്നതായും അപകട നില തരണം ചെയ്തതിനാൽ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായി അറിയിച്ചു എന്ന് അരുൺഗോപി പറഞ്ഞു. വലിച്ചെറിഞ്ഞ ആഘാതത്തിൽ തലയുടെ പുറക് വശത്തായിരുന്നു പൊട്ടൽ. മെഡിക്കൽ കോളേജിലെത്തിയപ്പോൾ കുട്ടിയുടെ സ്ഥിതി അതീവ ഗുരുതരമായിരുന്നു.
തിരുനെൽവേലി സ്വദേശികളായ ഭർത്താവ് മുരുകനും ഭാര്യ മാരിയമ്മയുമായി ഒരുമിച്ച് മദ്യപിക്കുമ്പോഴാണ് അരികിലെത്തിയ കുട്ടിയെ പിതാവ് മുരുകൻ വലിച്ചെറിഞ്ഞത്. ഒരു വയസ്സുകാരിയെ വീട്ടിലെ ഒറ്റ മുറിയിൽ ഒറ്റക്കാക്കിയിട്ടാണ് ഈ ദമ്പതിമാർ ജോലിക്ക് പോയിരുന്നത്. അടുത്ത വീടുകളിൽ നടക്കുന്ന സംഭവങ്ങളിൽ അയൽവക്കകാർ കൂടി ശ്രദ്ധാലുക്കകൾ ആകണമെന്ന് അരുൺ ഗോപി അഭിപ്രായപ്പെട്ടു. പൊതുസമൂഹത്തിന്റെ ഇടപെടൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.