Thursday, January 9, 2025
Kerala

ഹര്‍ത്താലിനെതിരായ ഹർജി ഹൈക്കോടതി തള്ളി; ജോലി ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കും: സര്‍ക്കാര്‍

 

കൊച്ചി: സെപ്തംബര്‍ 27ന്റെ ഭാരത് ബന്ദുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരായ ഹർജി ഹൈക്കോടതി തള്ളി. ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന ഹർജിയാണ് തള്ളിയത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ അഭിപ്രായം ഹൈക്കോടതി തേടിയിരുന്നു. ഹര്‍ത്താല്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്നും ഹര്‍ത്താലില്‍ പങ്കെടുക്കാത്തവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും ജോലി ചെയ്യാനും സഞ്ചരിക്കാനുമുള്ള സൗകര്യമൊരുക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ത്താലിനോട് താൽപര്യമില്ലാത്തവര്‍ക്ക് ജോലി ചെയ്യാമെന്നും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നതും നടപ്പാക്കുന്നതും സംബന്ധിച്ച വിഷയത്തില്‍ കേരള ഹൈക്കോടതി നേരത്തെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. മുന്‍കൂര്‍ നോട്ടീസ് നല്‍കി മാത്രമേ ഹര്‍ത്താല്‍ പ്രഖ്യാപിക്കാനാവൂ എന്ന ഹൈക്കോടതി നിര്‍ദേശം പാലിക്കാതെയാണ് ഹര്‍ത്താല്‍ നടത്തുന്നതെന്നും ഹർജിക്കാരനായ കൊല്ലം ശാസ്താംകോട്ട സ്വദേശി ആരോപിച്ചിരുന്നു. എന്നാല്‍ ഈ വ്യവസ്ഥ നിയമമായി മാറിയിട്ടില്ലെന്നും ബില്‍ നിര്‍ദേശമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഹര്‍ത്താല്‍ നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി തള്ളിയത്.

കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് കേരളത്തില്‍ സംയുക്ത തൊഴിലാളി യൂണിയനുകളും എല്‍ ഡി എഫും യു ഡി എഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ബി ജെ പിയും ബി എം എസും അടക്കമുള്ള സംഘ്പരിവാര്‍ സംഘടനകള്‍ മാത്രമാണ് ഭാരത് ബന്ദില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്.

 

Leave a Reply

Your email address will not be published. Required fields are marked *