Saturday, October 19, 2024
Kerala

‘കണ്ണൂർ സർവ്വകലാശാലയെ കമ്മ്യൂണിസ്റ്റുവൽക്കരിക്കാൻ ശ്രമം’; കെ.എസ്.യു

മുൻ മന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെ.കെ ശൈലജയുടെ ആത്മകഥ സിലബസിൽ ഉൾപ്പെടുത്തുന്നതിനെതിരെ കെഎസ്‌യു. കണ്ണൂർ സർവ്വകലാശാല രാഷ്ട്രീയ അജണ്ടയോടെ ആത്മകഥ ഉൾപ്പെടുത്തി. സർവ്വകലാശാലയെ കമ്മ്യൂണിസ്റ്റ് വൽക്കരിക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ. ഉന്നത വിദ്യാഭ്യാസ മേഖലയിൽ തോന്ന്യവാസം കാണിക്കുന്നുവെന്നും വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷമാസ്.

കെ.കെ ശൈലജയുടെ ആത്മകഥയായ ‘മൈ ലൈഫ് അസ് എ കോമ്രേഡ്’ ആണ് കണ്ണൂർ സർവകലാശാലയുടെ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എംഎ ഇംഗ്ലിഷ് സിലബസിലാണ് ആത്മകഥ. പിന്നാലെ പ്രതിഷേധവുമായി അധ്യാപക സംഘടനയായ കെപിസിടിഎ രംഗത്തെത്തിയിരുന്നു. നിയമപരമല്ലാത്ത അഡ്ഹോക് കമ്മിറ്റി ചട്ടവിരുദ്ധമായി രൂപീകരിച്ചതാണ് സിലബസ് എന്ന് കെപിസിടിഎ ആരോപിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വിമർശനവുമായി രംഗത്തെത്തി. ശൈലജയുടെ ആത്മകഥ മാത്രമല്ല, പി ജയരാജന്‍റെ ആത്മകഥയും പഠിപ്പിക്കണം, എന്തൊരു ഗതികേടാണ് കേരളത്തിലെന്ന് അദ്ദേഹം പരിഹസിച്ചു. അതേസമയം ആത്മകഥ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. തീരുമാനം റദ്ദാക്കാൻ വിസിക്ക് നിർദേശം നൽകണമെന്നാണ് ആവശ്യം.

Leave a Reply

Your email address will not be published.