പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് രാജിവെച്ചു
നിയമസഭാ തെരഞ്ഞെടുപ്പിൽ പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ സ്‌പോർട്‌സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാർ രാജിവെച്ചു. ജില്ലയുടെ പല ഭാഗത്ത് നിന്നും പ്രതിഷേധം ഉയർന്നുവരും. മാനദണ്ഡം ബാധകമാക്കുന്നുവെങ്കിൽ എല്ലാവർക്കും ബാധകമാക്കണമെന്നും ധീരജ് പറഞ്ഞു
പി ജയരാജന്റെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ധീരജ് അദ്ദേഹത്തിന്റെ അടുത്ത അനുയായി കൂടിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ടതില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പി ജയരാജന് സീറ്റ് നിഷേധിച്ചത്. അതേസമയം കെ എൻ ബാലഗോപാൽ, എംബി രാജേഷ്, വി എൻ വാസവൻ, പി രാജീവ് എന്നിവർക്ക് ഇളവ് നൽകുകയും ചെയ്തു.
വടകരയിൽ സ്ഥാനാർഥിയായതോടെയാണ് കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം ജയരാജന് നഷ്ടപ്പെട്ടത്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും എം വി ജയരാജൻ തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടർന്നു. അതേസമയം വി എൻ വാസവൻ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിന്നെങ്കിലും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ അദ്ദേഹം സെക്രട്ടറി സ്ഥാനത്ത് തിരികെ എത്തി.