പാറമടയ്ക്ക് കരി ഓയിലും പെയിന്റും അടിച്ച് അനധികൃധ പാറ ഖനനം
തൊടുപുഴയിൽ പാറമടയ്ക്ക് പെയിന്റ് അടിച്ച് അനധികൃധ പാറ ഖനനം. ഖനനത്തിന് കാലപ്പഴക്കമുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് കരി ഓയിലും പെയിന്റും ചേർത്ത് പാറമടയിൽ അടിച്ചത്. ആലക്കോട് പഞ്ചായത്തിലെ മരിയ ഗ്രാനൈറ്റ്സിലാണ് തട്ടിപ്പ് നടന്നത്. സബ് കളക്ടർക്കുള്ളപ്പെടെ രണ്ട് മാസം മുമ്പ് പരാതി കൊടുത്തെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. കോടികളുടെ തട്ടിപ്പാണ് സംഭവവുമായി ബന്ധപ്പെട്ട് നടന്നത്. കഴിഞ്ഞ മെയ് മാസത്തിലാണ് തട്ടിപ്പ് നടത്തിയത്.
പാറ പൊട്ടിച്ചാൽ ചാര നിറമാകും ആദ്യമുണ്ടാകുക പക്ഷെ അത് മറയ്ക്കുന്നതിന് വേണ്ടി പെയിന്റ് അടിച്ച് ഖനനം നടത്തുകയായിരുന്നു. മുമ്പ് പൊട്ടിച്ചെതെന്ന് പറഞ്ഞ് നാട്ടുകാരെയും റവന്യു ഉദ്യോഗസ്ഥരെയും പറ്റിക്കാൻ വേണ്ടി കരി ഓയിലിൽ പെയിന്റ് കലക്കിയതിന് ശേഷം പാറയിൽ ജോലിക്കാരെ നിർത്തിയായിരുന്നു പെയിന്റ് അടിച്ചത്.
ഇടുക്കി സബ് കളക്ടർക്ക് നാട്ടുകാർ നേരിട്ട് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. മൈനിങ് ആൻഡ് ജിയോളജി വകുപ്പാണ് നടപടി സ്വീകരിക്കേണ്ടത്. ഒന്നര ലക്ഷം ക്യൂബിക് മീറ്റർ പാറ പൊട്ടിക്കാനുള്ള അനുമതിയാണ് മരിയ ഗ്രാനൈറ്റ്സിനുണ്ടായത് പക്ഷെ നാലര ലക്ഷം ക്യൂബിക് മീറ്റർ പാറ പൊട്ടിച്ചു കടത്തിയെന്നാണ് പരാതി.