ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയിൽ തന്നെ
കോഴിക്കോട്: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയിലെന്ന് കണ്ടെത്തൽ. കോഴിക്കോട് എസിപിയുടെ അന്വേഷണത്തിലാണ് കണ്ടെത്തൽ. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയിലാണ് കത്രിക കുടുങ്ങിയതെന്നാണ് കണ്ടെത്തൽ. 2017 ഫെബ്രുവരിയിൽ കൊല്ലത്ത് വെച്ചെടുത്ത എംആർഐ സ്കാനിൽ ഹർഷിനയുടെ ശരീരത്തിൽ ലോഹസാന്നിധ്യം കാണാതിരുന്നതാണ് അന്വേഷണത്തിൽ നിർണായകമായത്.
സംഭവത്തിൽ രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും കുറ്റക്കാരെന്ന് പോലീസ് അന്വേഷണ റിപ്പോർട്ട് പറയുന്നു. മാതൃ – ശിശു സംരക്ഷണ കേന്ദ്രത്തിൽ നടത്തിയ മൂന്നാം പ്രസവത്തിലാണ് ഹർഷിനയുടെ ശരീരത്തിൽ കത്രിക കുടുങ്ങിയത്. പൊലീസ് അന്വേഷണ റിപ്പോർട്ട് ഡിഎംഒയ്ക്ക് കൈമാറി. തുടർ നടപടികൾക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കണം എന്നും നിർദേശമുണ്ട്. അടുത്ത മാസം ഒന്നിന് മെഡിക്കൽ ബോർഡ് ചേർന്ന് റിപ്പോർട്ട് വിലയിരുത്തും.
2017 നവംബര്‍ 30 പ്രസവ ശസ്ത്രക്രിയ നടന്നതിന് ശേഷം ഹര്‍ഷിനയ്ക്ക് വേദന ഒഴിഞ്ഞ സമയം ഉണ്ടായിട്ടില്ല. മൂത്ര സഞ്ചിയില്‍ കുത്തി നില്‍ക്കുന്ന നിലയില്‍ കത്രികയുമായി യുവതി 5 വർഷം വേദന തിന്നു. 12 സെന്‍റിമീറ്റര്‍ നീളവും 6 സെന്‍റിമീറ്റര്‍ വീതിയുമുള്ള കത്രിക കുത്തി നിന്നതിലൂടെ മൂത്ര സഞ്ചിയില്‍ മുഴ ഉണ്ടായി. വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ ചെയ്തെങ്കിലും ഫലം കണ്ടില്ല. പിന്നീട് സ്വകാര്യ ആശുപത്രിയിലെ സിടി സ്കാനിംഗിലാണ് മൂത്രസഞ്ചിയിൽ കത്രിക കണ്ടെത്തുന്നത്. തുടർന്ന് മെഡിക്കൽ കോളജിൽ വെച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു.