Monday, January 6, 2025
Kozhikode

ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ സംഭവം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിൽ 5 വർഷം മുമ്പ് ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയെന്ന പരാതിയിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷ്യൽ ഓഫീസർ ഡോ. അബ്ദുൾ റഷീദ് കോർഡിനേറ്ററായ അന്വേഷണ സംഘത്തിൽ ജോയിന്റ് ഡയറക്ടർ നഴ്സിംഗ് ഡോ. സലീന ഷാ, കൊല്ലം മെഡിക്കൽ കോളേജ് ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രൻ എന്നിവരാണുള്ളത്.

വിഷയത്തിന്റെ പ്രാധാന്യം മനസിലാക്കി പരാതിയിൻമേൽ അടിയന്തരമായി അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.

2017 നവംബർ മാസത്തിലാണ് ഹർഷിന കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വച്ച് പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. അതിന് ശേഷമാണ് യുവതിക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയത്. നിരവധി ആശുപത്രികൾ കയറിയിറങ്ങി. 30 വയസായപ്പോഴേക്കും ശരീരം വല്ലാതെ ദുർബലമായതോടെ വൃക്കരോഗമോ ക്യാൻസറോ ബാധിച്ചെന്ന് വരെ ഹർഷിനയും വീട്ടുകാരും കരുതി. അടുത്തിടെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് നടത്തിയ സിടി സ്‌കാനിംഗിലാണ് ശരീരത്തിൽ കത്രികയുണ്ടെന്ന് കണ്ടെത്തിയത്.

കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് തന്നെ നടത്തിയ ശസ്ത്രക്രിയയിലൂടെ ഹർഷിനയുടെ ശരീരത്തിൽ നിന്നും പുറത്തെടുത്തത് 11 സെന്റീമിറ്റർ നീളമുള്ള കത്രികയാണ്. മൂത്രസഞ്ചിയിലേക്ക് കത്രിക കുത്തിനിന്നതുമൂലം ആ ഭാഗത്ത് പഴുപ്പും നീരും വന്നതായിരുന്നു യുവതിയുടെ ശാരീരിക ബുദ്ധിമുട്ടുകൾക്ക് കാരണം.

Leave a Reply

Your email address will not be published. Required fields are marked *