Saturday, October 19, 2024
Kerala

യുഡിഎഫില്‍ നിന്ന് പോയവര്‍ക്ക് നേരെ നോ എന്‍ട്രി ബോര്‍ഡ് വയ്‌ക്കേണ്ട: കെ മുരളീധരന്‍

ഇന്നലെ ചിന്തന്‍ ശിബിരത്തിന് എത്താതിരുന്നതില്‍ വിശദീകരണവുമായി കെ മുരളീധരന്‍ എം പി. മകന്റെ വിവാഹമായതിനാലാണ് ഇന്നലെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നതെന്ന് കെ മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടിയുടെ പ്രധാന പരിപാടി നടക്കുമ്പോള്‍ നേതാക്കള്‍ മാറി നില്‍ക്കുന്നത് ശരിയല്ല എന്നാണ് തന്റെ നിലപാടെന്ന് മുകളീധരന്‍ പറഞ്ഞു. ആരെയും മാറ്റി നിര്‍ത്തരുത്. അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. തീരുമാനം നടപ്പാക്കുന്നിടത്താണ് ചിന്തന്‍ ശിബിരത്തിന്റെ വിജയം. മുന്നണിയില്‍ നിന്ന് പോയവര്‍ക്ക് നോ എന്‍ട്രി ബോര്‍ഡ് വയ്‌ക്കേണ്ട. മുന്നണി വിട്ടവരെ തിരികെ കൊണ്ടുവരണമെന്നും കെ മുരളീധരന്‍ പറഞ്ഞു.

യുഡിഎഫ് ശക്തമായിട്ട് വേണം മുന്നണി വിപുലീകരണം നടത്താനെന്ന് കെ മുരളീധരന്‍ പറഞ്ഞു. മുന്നണി വിട്ടുപോയവരെ തിരികെ കൊണ്ടുവരാന്‍ സാധിക്കണം. എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നതിലാണ് ചിന്തന്‍ ശിബിരത്തിന്റെ വിജയമെന്നും മുരളീധരന്‍ പറഞ്ഞു. ചിന്തന്‍ ശിബിരത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കിയാല്‍ കേരളത്തില്‍ പാര്‍ട്ടിക്ക് കൂടുതല്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് കോഴിക്കോട് നടക്കുന്ന ചിന്തന്‍ ശിബിരില്‍ നിന്നും മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിട്ടുനിന്നതെന്ന ആക്ഷേപം ഇന്നലെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത, വ്യക്തിപരമായ അസൗകര്യം കൊണ്ടാണ് ഇരു നേതാക്കളും എത്താത്തതെന്നും അതൊരു ബഹിഷ്‌കരണമല്ലെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പ്രതികരിച്ചിരുന്നു.

 

Leave a Reply

Your email address will not be published.