എഐ കാമറകളെ കബളിപ്പിക്കാൻ ശ്രമം; വാഹനങ്ങൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്
വാഹനങ്ങളിലെ നമ്പർ പ്ലേറ്റ് ഇളക്കിമാറ്റിയും, മാസ്‌ക് ചെയ്തും നിരീക്ഷണ കാമറകളെ കബളിപ്പിക്കുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് മോട്ടോർ വാഹനവകുപ്പ്. ആറ്റിങ്ങലിൽ നടന്ന സ്പെഷ്യൽ ഡ്രൈവിൽ 15 കേസുകളാണ് രജിസ്റ്റർ ചെയ്തത്. പരിശോധനയിൽ മൂന്നു വാഹനങ്ങൾ പിടിച്ചെടുത്തു.
എഐ ക്യാമറകളെ കബളിപ്പിക്കുന്ന വിധത്തിൽ രൂപമാറ്റം വരുത്തിയും നമ്പർ പ്ളേറ്റുകൾ മറച്ചും നിരവധി വാഹനങ്ങളാണ് നിരത്തിലൂടെ ഓടുന്നത്. കാമറകൾക്ക് മുന്നിലെത്തുമ്പോൾ പിൻസീറ്റിലിരിക്കുന്ന വ്യക്തി നമ്പർ പ്ളേറ്റ് മറയ്ക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. നമ്പർ കാമറയിൽ വ്യക്തമാകാതിരിക്കാൻ എൽ.ഇ.ഡി ലൈറ്റ്, സറ്റിക്കർ എന്നിവയും ഉപയോഗിക്കുന്നുണ്ട്. ഇതോടെയാണ് മോട്ടോർ വാഹന വകുപ്പ് പ്രത്യേക പരിശോധന നടത്തിയത്.
ആറ്റിങ്ങൽ ആർടിഒയുടെ പരിധിയിൽ മാത്രം 15 കേസുകൾ രജിസ്റ്റർ ചെയ്തു. മൂന്നു വാഹനങ്ങൾ പിടിച്ചെടുത്തു. ആറ്റിങ്ങൽ ആർടിഒ സാജന്റെ നേത്വത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ആർ എസ് ശങ്കർ, രാജേഷ് ആർ എന്നിവരടങ്ങുന്ന സംഘമാണ് വാഹനങ്ങൾ പിടികൂടിയത്. വരും ദിവസങ്ങളിൽ നിരത്തുകളിൽ പരിശോധന ശക്തമാക്കാനാണ് തീരുമാനം.