Sunday, January 5, 2025
Kerala

വാഹനങ്ങളിലെ കൂളിങ് ഫിലിമും രൂപമാറ്റവും; കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

 

വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതിനും ഗ്ലാസുകളിൽ കൂളിങ് ഫിലിം പതിക്കുന്നതിനുമെതിരേ വീണ്ടും കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളുടെ ഇൻഡിക്കേറ്റർ, ഹെഡ് ലൈറ്റ് എന്നിവ ശരിയായ രീതിയിൽ ഘടിപ്പിക്കാത്ത വാഹനങ്ങൾക്കെതിരേയും നിയമ നടപടിയെടുക്കണമെന്ന് ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ ജൂൺ എട്ടിന് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. റോഡ് സുരക്ഷ സംബന്ധിച്ച് ഹൈക്കോടതി ഏപ്രിൽ 9-ന് പുറപ്പെടുവിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണിത്.
സർക്കാരിനോട് കോടതി റിപ്പോർട്ടും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ പരിശോധന കർശനമാക്കാൻ വിശദ റിപ്പോർട്ട് നൽകാനും സംസ്ഥാനത്തെ ആർ.ടി.ഒ.മാർ, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ.മാർ എന്നിവർക്കും കമ്മിഷണർ ടി.സി.വിഗ്നേഷ് നിർദേശം നൽകി. സമ്പർക്കവിലക്കിന് ഇളവ് വന്ന പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ പരിശോധനാ നടപടികൾ തുടങ്ങി.

സംസ്ഥാനത്തെ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കർട്ടൻ, കൂളിങ് ഫിലിം, സ്റ്റിക്കർ പതിക്കുക, ദേശീയ പതാക അനൗചിതമായി ആലേഖനം ചെയ്യുക, വാഹനഭാഗങ്ങൾക്ക് രൂപമാറ്റം വരുത്തുക തുടങ്ങിയ ലംഘനങ്ങൾക്കെതിരേ അടിയന്തര നടപടി വേണമെന്നാണ് ഉത്തരവ്. വലിയ വാഹനങ്ങളിൽ റിഫ്‌ളക്ടറുകൾ ശരിയായി ഘടിപ്പിക്കാതിരിക്കുക, ഇൻഡിക്കേറ്ററിലും ലൈറ്റിലും ഫിലിം ഒട്ടിക്കുക, ശരിയല്ലാത്ത നമ്പർ പ്ലേറ്റ് എന്നിവയ്‌ക്കെതിരേയും നടപടി ആവശ്യപ്പെടുന്നു. ചട്ടങ്ങൾ പാലിക്കാത്ത സ്‌കൂൾ ബസുകൾക്ക് ഫിറ്റ്‌നസ് നൽകരുതെന്ന് ജോയന്റ് കമ്മിഷണറുടെ ഉത്തരവിലുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *