Tuesday, January 7, 2025
Kerala

ഉത്സവ കാലത്തെ അധിക യാത്ര നിരക്ക്; പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്

ഉത്സവ കാലത്തെ അധിക യാത്ര നിരക്കിനെതിരെ പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്. അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധന നടത്തുകയാണ്. സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഓഫീസുകളിലും പരിശോധന നടത്തും. അന്യ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് കേരളത്തിലോടുന്ന മുഴുവൻ ബസുകളും പരിശോധിക്കും. ടിക്കറ്റ് നിരക്കിനൊപ്പം മറ്റ് നിയമ ലംഘനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കും.

ഉത്സവ സീസണിൽ യാത്രക്കാരില്‍ നിന്ന് അമിത നിരക്ക് ഈടാക്കുന്ന അന്തര്‍സംസ്ഥാന ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ ഗതാഗത മന്ത്രിആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. ഈസ്റ്റർ, വിഷു, റംസാൻ പ്രമാണിച്ച് സംസ്ഥാനാന്തര യാത്രകളിൽ ഭീമമായ നിരക്ക് ഈടാക്കി യാത്രക്കാരെ ചൂഷണം ചെയ്യുന്നതിനെതിരെ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് അടിയന്തര യോഗം ചേര്‍ന്നത്.

നിയമം ലംഘിച്ച് ഓടിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നത് മൂലം യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കേണ്ട പൂർണ ഉത്തരവാദിത്വം ബസ് ഉടമകൾക്കായിരിക്കും. കോൺട്രാക്ട് കാരിയേജ് വാഹനങ്ങളില്‍ സ്പീഡ് ഗവർണറിലും ജിപിഎസ്സിലും കൃത്രിമം കാണിച്ച് അനുവദനീയമായതിലും അധികം സ്പീഡിൽ ഓടിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ മോട്ടോർ വാഹന വകുപ്പിന് മന്ത്രി നിർദേശം നൽകി. അവധിക്കാലവും ഉത്സവ സീസനും പ്രമാണിച്ച് കൂടുതൽ ബസ് സർവീസ് നടത്തുവാൻ കെഎസ്ആർടിസിക്ക് മന്ത്രി ആന്റണി രാജു നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *