കൈക്കൂലി: ‘പുഴുക്കുത്തുകളെ ഒറ്റപ്പെടുത്തണം’; റവന്യൂ വകുപ്പിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി
തിരുവനന്തപുരം: കൈക്കൂലി ഗുരുതരമായ കുറ്റമെന്ന് സംസ്ഥാന റവന്യൂ മന്ത്രി കെ രാജൻ. കൈക്കൂലിയുമായി ബന്ധപ്പെട്ട് സംസ്ഥാന റവന്യൂ വകുപ്പ് ആഭ്യന്തര അന്വേഷണം നടത്തും. പുഴുക്കുത്തുകളെ ജീവനക്കാർ ഒറ്റപ്പെടുത്തണം. ഒരു അഴിമതിക്കും കൂട്ടു നിൽക്കാൻ അനുവദിക്കില്ല. കൈക്കൂലി വളരെ ഗൗരവമായാണ് സർക്കാർ കാണുന്നത്. അഴിമതിക്കാർക്കെതിരെ ശിക്ഷ വർദ്ധിപ്പിക്കണം. അഴിമതി അറിയിക്കാൻ ഓൺലൈൻ പോർട്ടലും ടോൾ ഫ്രീ നമ്പറുമുണ്ട്. മൂന്ന് വർഷം കഴിഞ്ഞ വില്ലേജ് അസിസ്റ്റന്റ് , വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരെ സ്ഥലം മാറ്റാൻ ലാൻഡ് റവന്യൂ കമ്മീഷണറേറ്റിന് നിർദ്ദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് പാലക്കയത്ത് കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റൻറ് സുരേഷ് കുമാർ കണക്കു പറഞ്ഞ് കൈക്കൂലി വാങ്ങിയ വിവരം പുറത്തുവന്നതാണ് വകുപ്പിൽ ശുദ്ധീകരണ നടപടി തുടങ്ങാൻ കാരണം. അതിനിടെ സുരേഷ് കുമാറിനെ വകുപ്പിൽ നിന്ന് സസ്പെന്റ് ചെയ്തു. പലരിൽ നിന്നും ഇയാൾ 500 മുതൽ 10,000 രൂപ വരെ കൈക്കൂലിയായി വാങ്ങിയിരുന്നു. പണത്തിന് പുറമെ കുടംപുളിയും തേനും വരെ കൈക്കൂലിയായി കൈപ്പറ്റിയിരുന്നതായി വിജിലൻസ് വ്യക്തമാക്കി. സുരേഷ് കുമാറിനെ തൃശൂർ വിജിലൻസ് കോടതി ജൂൺ 7 വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്..
മൂന്ന് വർഷം മുൻപാണ് പാലക്കയം വില്ലേജ് ഓഫീസിൽ തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാർ എത്തുന്നത്. കൈക്കൂലി കൊടുത്തില്ലെങ്കിൽ മാസങ്ങളോളം ആളുകളെ വില്ലേജ് ഓഫീസിലേക്ക് നടത്തിക്കുന്നതായിരുന്നു ഇയാളുടെ പതിവ്. സർവ്വെ പൂർത്തിയാക്കാത്ത പ്രദേശമായതിനാൽ പ്രദേശവാസികൾക്ക് വില്ലേജ് ഓഫീസിനെ ആശ്രയിക്കാതെ വഴിയുണ്ടായിരുന്നില്ല. അഴിമതി സഹിക്കാനാവാതെ നേരത്തെ വില്ലേജ് ഓഫീസിനു മുന്നിൽ നാട്ടുകാർ പ്രതിഷേധ സമരം നടത്തിയിരുന്നു.
സുരേഷ് കുമാർ കൈക്കൂലിക്കാരനാണെന്ന് അറിയില്ലായിരുന്നുവെന്നാണ് പാലക്കയം വില്ലേജ് ഓഫീസർ പറയുന്നത്. മണ്ണാർക്കാട് തഹസീൽദാറുടെ നേതൃത്വത്തിൽ പാലക്കയം വിലേജ് ഓഫീസിൽ പരിശോധന നടത്തി. മണ്ണാർക്കാട് സുരേഷ് കുമാർ താമസിച്ചിരുന്ന ലോഡ്ജ് മുറിയിൽ പണത്തിനു പുറമെ കണ്ടത്തിയത് കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകളും മുണ്ടുകളും കുടംപുളി ചാക്കിലാക്കിയതും 10 ലിറ്റർ തേനും പടക്കങ്ങളും കെട്ടു കണക്കിന് പേനകൾളുമൊക്കെയാണ്. കൈക്കൂലിയായി കിട്ടുന്നതെന്തും വാങ്ങുന്ന ശീലക്കാരനായിരുന്നു സുരേഷ് കുമാർ എന്നാണ് വിജിലൻസിന്റെ നിഗമനം. ഇയാൾ ഒരു മാസമായി വിജിലൻസ് നിരീക്ഷണത്തിലായിരുന്നു.
സുരേഷ് കുമാറിന്രെ അനധികൃത സ്വത്ത് സമ്പാദനം വിജിലൻസ് അന്വേഷിക്കും. മുമ്പ് ജോലിയെടുത്തിരുന്ന വിലേജ് ഓഫീസുകളിലും ഇയാൾ വ്യാപകമായി ക്രമക്കേട് നടത്തിയിരുന്നു. എന്നാൽ വിജിലൻസിന് ഇയാളെക്കുറിച്ച് പരാതി കിട്ടുന്നത് ഇതാദ്യമായാണ്. കൈയ്യിൽ കോടിക്കണക്കിന് രൂപയുണ്ടായിട്ടും വെറും 2500 രൂപ മാസ വാടകയുള്ള മുറിയിലാണ് ഇയാൾ താമസിച്ചിരുന്നത്. സ്വന്തമായി കാറോ ഇരുചക്രവാഹനമോ ഇയാൾക്ക് ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ഓഫീസിനു സമീപത്തെ ചെറിയ കടയിൽ നിന്ന് ഇയാൾ സ്ഥിരമായി കഞ്ഞിയാണ് കഴിച്ചിരുന്നത്.
പണം സ്വരുക്കൂട്ടിയത് സ്വന്തമായി വീട് വെക്കാനെന്നാണ് പ്രതിയുടെ മൊഴി. അവിവാഹിതനായതിനാൽ ശമ്പളം അധികം ചെലവാക്കേണ്ടി വരാറില്ലെന്നും മൊഴിയുണ്ട്. മുറി പൂട്ടാതെ പോലും പലപ്പോഴും സുരേഷ് കുമാർ പുറത്തിറങ്ങിയിരുന്നതായി പ്രദേശവാസികൾ പറയുന്നു. സുരേഷ് കുമാറിന്റെ മുറിയിൽ നിന് കണ്ടെത്തിയ നാണയത്തുട്ടുകൾ എണ്ണി തിട്ടപ്പെടുത്തിയപ്പോൾ ആകെ 9000 രൂപയുണ്ടായിരുന്നു. മുറിയിൽ കറൻസിയായി 35.7 ലക്ഷം രൂപയും കണ്ടെത്തിയിരുന്നു.