നേരിട്ട് കാണാൻ പ്രധാനമന്ത്രി ക്ഷണിച്ചതിനാൽ പോകുന്നു, സന്ദർശനത്തിന് മറ്റ് മാനങ്ങളില്ല; കുര്യാക്കോസ് മാർ സെവേരിയോസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയിൽ വിശദീകരണവുമായി മലയങ്കര സുറിയാനി ക്നാനായ സമുദായ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സെവേരിയോസ് രംഗത്ത്. നേരിട്ട് കാണാൻ പ്രധാനമന്ത്രി ക്ഷണിച്ചതിനാലാണ് പോകുന്നതെന്നും സന്ർശനത്തിന് അതിനപ്പുറം മറ്റ് മാനങ്ങളില്ലെന്നുമാണ് കുര്യാക്കോസ് മാർ സെവേരിയോസ് വ്യക്തമാക്കുന്നത്.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച അതിന്റേതായ മഹത്വത്തിൽ കാണുന്നു. സഭയ്ക്ക് ലഭിച്ച ക്ഷണം സ്വീകരിച്ചു പ്രധാനമന്ത്രിയെ കാണും. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും പുരോഗതിക്കായി പ്രവർത്തിക്കുവാൻ വേണ്ട ചിന്തകൾ നൽകും. ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരും ഐക്യത്തോടെ സമാധാനത്തോടെ രാജ്യത്ത് കഴിയണം എന്നാണ് തന്റെ ആഗ്രഹം.
ദുരിതത്തിലായിരിക്കുന്ന കർഷകരുടെ പ്രേശ്നങ്ങൾ പ്രധാനമന്ത്രിയോട് ഉന്നയിക്കും. റബ്ബർ കർഷകരുടെ വിഷയത്തിൽ ഉൾപ്പെടെ സർക്കാരിന് കഴിയുന്നത് ചെയ്യണം. കൃഷി നഷ്ടം വരാതിരിക്കാൻ കർഷകർക്ക് സർക്കാർ സാമ്പത്തിക സഹായം നൽകണം. വന്യമൃഗ ആക്രമണം പ്രധാന മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും. വന്യമൃഗങ്ങളിൽ നിന്നുള്ള മനുഷ്യരുടെ സംരക്ഷണം ഉറപ്പ് വരുത്താനാകണം പ്രഥമ പരിഗണന നൽകേണ്ടത്.
വികസന പ്രവർത്തനങ്ങൾക്ക് സഭയുടെ പൂർണ്ണ പിന്തുണയുണ്ട്. ശബരിമല വിമാനത്താവളം വിഷയത്തിൽ ഉൾപ്പെടെ സർക്കാരിന് സഭയുടെ പിന്തുണയുണ്ട്. പുതിയ പാർട്ടിയുമായി ബന്ധപ്പെട്ട് ആരും ഇതുവരെയും സഭയെ സമീപിച്ചിട്ടില്ല.
ക്നാനായ സുറിയാനി സഭയ്ക്ക് രാഷ്ട്രീയത്തിൽ ഔദ്യോഗിക നിലപാടില്ലെന്നും അദ്ദേഹം പറഞ്ഞു. സഭയിൽ പെട്ട നിരവധി പേർ വിവിധ രാഷ്ട്രീയപാർട്ടികളിൽ പ്രവർത്തിക്കുന്നുണ്ട്. അതാത് കാലത്തെ സർക്കാരുകൾക്ക് പൂർണ പിന്തുണ നൽകുന്നതാണ് സഭാ നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു.