Saturday, October 19, 2024
Kerala

പ്രധാനമന്ത്രിയുടെ സ്വീകരണ സംഘത്തിൽ ഇല്ലാത്തത് ഔദ്യോഗിക പരിപാടി അല്ലാത്തതുകൊണ്ടാണെന്ന് ഗവർണർ

പ്രധാനമന്ത്രിയുടെ സ്വീകരണ സംഘത്തിൽ ഇല്ലാത്തത് ഔദ്യോഗിക പരിപാടി അല്ലാത്തതുകൊണ്ടാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊച്ചിയിലേത് രാഷ്ട്രീയ പരിപാടികളാണ്. ഔദ്യോഗിക പരിപാടികൾ തിരുവനന്തപുരത്ത് വച്ചാണ്. തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഉണ്ടാകും എന്നും ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചു. കൊച്ചിയിൽ എത്തിയതിന് ശേഷം ആണ് സ്വീകരണപട്ടിക പുറത്തുവന്നത്. തിരുവനന്തപുരത്തേക്ക് മടങ്ങുന്നുവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു.

സംസ്ഥാന സർക്കാർ കൊടുത്ത പട്ടികയിൽ ഗവർണറുടെ പേര് ഉണ്ടായിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ച പട്ടികയിൽ ഗവർണറെ ഉൾപ്പെടുത്തിയിട്ടില്ല.

വൈകീട്ട് അഞ്ച് മണിയോടെ കൊച്ചി നാവിക സേന വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി റോഡ് ഷോയായി തേവര സേക്രഡ് ഹാർട്ട് കോളേജ് ഗ്രൗണ്ടിലെത്തും. യുവം യൂത്ത് കോൺക്ലേവിൽ യുവജനങ്ങളുമായി പ്രധാനമന്ത്രി സംവദിക്കും. രാത്രി വെല്ലിങ്ടൺ ഐലൻഡിലെ താജ് മലബാർ ഹോട്ടലിൽ തങ്ങുന്ന പ്രധാനമന്ത്രി അവിടെവച്ച് സംസ്ഥാനത്തെ പ്രമുഖ ക്രൈസ്തവ സഭാ അധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും. സുരക്ഷാ ഭീഷണി ഉണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിൽ പഴുതടച്ച ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി 8 വരെ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം നാളെ പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുന്ന പശ്ചാത്തലത്തിൽ തലസ്ഥാനത്ത് കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും, സെൻട്രൽ സ്റ്റേഡിയത്തിലുമാണ് പ്രധാനമന്ത്രിയുടെ പ്രധാന പരിപാടികൾ.ഇതിനോടകം തന്നെ രണ്ടു സ്ഥലങ്ങളിലെയും സുരക്ഷ കേന്ദ്ര ഏജൻസികൾ പരിശോധിച്ചു. നഗരത്തിൽ പൊലീസ് നിരീക്ഷണം കുറേ ദിവസങ്ങളായി തുടരുകയാണ്.സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. നാളെ തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോ അടച്ചിടും.തിരുവനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.

വന്ദേഭാരത് ഉദ്ഘാടനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും ട്രെയിൻ നിയന്ത്രണം. കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി ഉൾപെടെ 2 ട്രെയിനുകൾ റദ്ദാക്കി. ഷൊർണൂർ – കണ്ണൂർ മെമുവും ഇന്ന് സർവീസ് നടത്തില്ല. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ദീർഘ ദൂര സർവീസുകൾ ഉൾപ്പെടെ അഞ്ച് ട്രെയിനുകൾ കൊച്ചുവേളിയിൽ നിന്നാകും സർവീസ് ആരംഭിക്കുക. അനന്തപുരി എക്സ്പ്രസിനും കന്യാകുമാരി -പൂനൈ എക്സ്പ്രസിനും ഇന്ന് നിയന്ത്രണം ഉണ്ടാകും.

Leave a Reply

Your email address will not be published.