Saturday, January 4, 2025
Kerala

ചിന്ത ജെറോമില്‍ നിന്നും റിസോര്‍ട്ട് ഉടമയില്‍ നിന്നും ഭീഷണിയെന്ന ഹര്‍ജി; യൂത്ത് കോണ്‍ഗ്രസ് നേതാവിന് പൊലീസ് സംരക്ഷണം

ചിന്ത ജെറോമിനെതിരെ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന് പൊലീസ് സംരക്ഷണം ഉറപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു സുനില്‍ പന്തളത്തിന് പോലീസ് സംരക്ഷണം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കൊട്ടിയം എസ്എച്ച്ഒയ്ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. വിഷ്ണുവിന് തിങ്കളാഴ്ച വരെ പൊലീസ് സംരക്ഷണം ഉറപ്പാക്കാനാണ് നിര്‍ദേശം.

ചിന്ത ജെറോം, റിസോര്‍ട്ടുടമ എന്നിവരില്‍ നിന്നടക്കം ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിഷ്ണു ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് വിഷ്ണുവിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹര്‍ജിയില്‍ സര്‍ക്കാരിനോട് കോടതി നിലപാട് തേടിയിട്ടുമുണ്ട്.

കൊല്ലം തങ്കശ്ശേരിയിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ മൂന്ന് മുറികളുള്ള അപാര്‍ട്‌മെന്റില്‍ ചിന്താ ജെറോം ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം. പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപാര്‍ട്‌മെന്റിന്റെ വാടക. ഇക്കണക്കില്‍ 38 ലക്ഷത്തോളം രൂപ ഹോട്ടലിന് ചിന്ത നല്‍കേണ്ടി വന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

ഇത്രയും പണം യുവജന കമ്മീഷന്‍ അധ്യക്ഷക്ക് എങ്ങനെ കിട്ടി, ചിന്തയുടെ സാമ്പത്തിക സ്രോതസ് തുടങ്ങിയ കാര്യങ്ങള്‍ അന്വഷിക്കണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിഷ്ണു വിജിലന്‍സിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിലും പരാതി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *