കൊല്ലത്ത് പ്രകൃതിക്ഷോഭത്തിൽ വീട് നശിച്ചെന്ന് കാട്ടി വ്യാജ അപേക്ഷ നൽകിയും തട്ടിപ്പ്; ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകിയത് 4 ലക്ഷം
കൊല്ലത്ത് പ്രകൃതിക്ഷോഭത്തിൽ വീട് നശിച്ചെന്ന വ്യാജ അപേക്ഷയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം തട്ടിയെന്ന് കണ്ടെത്തൽ. വീട് നശിച്ചെന്ന് കാട്ടി വീടിന്റെ യഥാർത്ഥ ഉടമസ്ഥൻ അപേക്ഷ നൽകിയിട്ടില്ലെന്ന് വിജിലൻസ് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. കൊല്ലം പടിഞ്ഞാറെ കല്ലട സ്വദേശിക്കാണ് നാല് ലക്ഷം രൂപ വീടിനായി ധനസഹായം അനുവദിച്ചത്. വീടിന് 76 ശതമാനത്തോളം കേടുപാടുണ്ടായെന്ന് വ്യാജമായി റിപ്പോർട്ട് നൽകിയാണ് തട്ടിപ്പ് നടന്നത്. വീടിന് പ്രകൃതിക്ഷോഭത്തിൽ യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലെന്നും വിജിലൻസ് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.
വീടിന് ധനസഹായം ആവശ്യപ്പെട്ട് താൻ അപേക്ഷ നൽകിയിട്ടില്ലെന്ന് വീട്ടുടമ വ്യക്തമാക്കി. അക്കൗണ്ടിലേക്ക് തുക വന്നിട്ടും ചെലവാക്കിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുരിതാശ്വാസ നിധിയിലെ കൂടുതൽ ക്രമക്കേടുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വിജിലൻസ് നടത്തിയ തുടർ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ഈ പശ്ചാത്തലത്തിൽ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ വിജിലൻസ് ശുപാർശ ചെയ്യും. ആറു മാസത്തിലൊരിക്കൽ ഓഡിറ്റിംഗ് നടത്തണമെന്നും വിജിലൻസ് ശുപാർശ.
തിരുവനന്തപുരത്ത് കാരോട് സ്വദേശി മുഖേന ധനസഹായം ലഭിച്ചത് ഇരുപതിലധികം പേർക്കാണെന്ന് വിജിലൻസ് കണ്ടെത്തി. മാറിനല്ലൂരിൽ വയറുവേദനയ്ക്ക് ഒരു ദിവസം ചികിത്സ തേടിയ ആൾക്ക് ഹൃദ്രോഗത്തിൻ്റെ ധനസഹായം ലഭിച്ചു. കോട്ടയത്ത് 4 ഇടങ്ങളിൽ ഉദ്യോഗസ്ഥ വീഴ്ച കാരണം അനർഹർക്ക് ധനസഹായം ലഭിച്ചിട്ടുണ്ടെന്നും കണ്ടെത്തി.