മലബാർ സിമന്റ്‌സ് കമ്പനി സെക്രട്ടറി വി.ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിൽ അന്വേഷണമാരംഭിച്ച് സിബിഐ
മലബാർ സിമന്റ്സ് മുൻ കമ്പനി സെക്രട്ടറി വി.ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിൽ സിബി അന്വേഷണമാരംഭിച്ചു. ഡൽഹിയിൽ നിന്നുള്ള ഡിവൈസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് സിബിഐ മുതിർന്ന ഉദ്യോഗസ്ഥനെ കൊണ്ട് കേസന്വേഷിപ്പിക്കുന്നത്.
2022 ഡിസംബറിലാണ് മലബാർ സിമന്റ്സ് മുൻ കമ്പനി സെക്രട്ടറി വി.ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിൽ വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ പുതിയ അന്വേഷണസംഘത്തെ നിയമിക്കാനും അന്വേഷണം 4 മാസത്തിനുള്ളിൽ പൂർത്തിയാക്കാനും കോടതി നിർദേശിച്ചിരുന്നു. പിന്നാലെയാണ് ഡൽഹിയിൽ നിന്നുള്ള ഡിവൈസ്പിയുടെ നേതൃത്വത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചത്. കൊച്ചി യൂണിറ്റിലെ മൂന്ന് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.
കേസന്വേഷണത്തിന്റെ ഭാഗമായി ശശീന്ദ്രന്റെ സഹോദരൻ ഡോ.വി.സനൽകുമാർ, മറ്റൊരു ഹർജിക്കാരനായ ക്രൈം എഡിറ്റർ ടി.പി.നന്ദകുമാർ എന്നിവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. നേരത്തെ വാദം കേൾക്കവേ വി.ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യയാണെന്നു കുറ്റപത്രം നൽകിയ സിബിഐയെ ഹൈക്കോടതി കണക്കിനു വിമർശിച്ചായിരുന്നു.