മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചു; മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജി വെക്കണമെന്ന് ചെന്നിത്തല
മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള ഗൂഢാലോചനയാണ് നടന്നത്. മത്സ്യനയത്തിന് എതിരാണ് ഈ പദ്ധതിയെന്ന് മന്ത്രിമാർ ഇപ്പോൾ പറയുന്നു. എന്തുകൊണ്ട് ആദ്യം തന്നെ ഇത് പറഞ്ഞില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
മന്ത്രിയാണ് ഇഎംസിസി പ്രതിനിധികളെയും ഫിഷറീസ് ഉദ്യോഗസ്ഥരെയും കൂട്ടി ക്ലിഫ് ഹൗസിൽ പോയി മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്. ഇക്കാര്യം മന്ത്രി നിഷേധിച്ചിട്ടില്ല. മത്സ്യനയത്തിന് വിരുദ്ധമാണെങ്കിൽ എന്തുകൊണ്ടാണ് അവരെ തിരിച്ചയക്കുന്നതിന് പകരം ചർച്ച നടത്തിയത്.
മത്സ്യനയത്തിന് വിരുദ്ധമാണെന്ന് പറഞ്ഞ് കമ്പനിയെ തിരിച്ചയച്ചുവെന്ന വാദം തെറ്റാണ്. ഈ പദ്ധതി മത്സ്യത്തൊഴിലാളികളുടെ താത്പര്യത്തിന് വിരുദ്ധമാണെന്ന് ഒറ്റനോട്ടത്തിൽ വ്യക്തമാണ്. എന്നാൽ ഫിഷറീസ് വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് ഇക്കാര്യം മനസിലായില്ല. മത്സ്യനയത്തിന് വിരുദ്ധമായ പദ്ധതി കൊണ്ടുവന്ന് വലിയ ഗൂഢാലോചനയാണ് മുഖ്യമന്ത്രിയുടെയും രണ്ട് മന്ത്രിമാരുടെയും നേതൃത്വത്തിൽ നടന്നതെന്നും ചെന്നിത്തല ആരോപിച്ചു.