അങ്ങനെയൊരു കരാറേയില്ല; എന്തെങ്കിലുമൊക്കെ ബോംബ് പൊട്ടിച്ച് നടക്കാമെന്ന വ്യാമോഹമാണ് ചെന്നിത്തലക്ക്: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
കേരളാ തീരത്ത് മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയുമായുള്ള അയ്യായിരം കോടിയുടെ കരാറിൽ അഴിമതി നടന്നുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിനെതിരെ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. അത്തരമൊരു കരാറേയില്ലെന്ന് മന്ത്രി വ്യക്തമാക്കി
മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാമെന്ന പ്രതിപക്ഷ നേതാവിന്റെ മോഹം നടപ്പാകില്ല. ഇതുമായി ബന്ധപ്പെട്ട ഒരു അപേക്ഷ പോലും മുമ്പിൽ വന്നിട്ടില്ല. പ്രതിപക്ഷ നേതാവിന് എന്തെങ്കിലുമൊക്കെ ഒരു ബോംബ് പൊട്ടിച്ച് നടക്കണമെന്നുള്ള അത്യാർത്തി കൊണ്ട് പറഞ്ഞു പോകുന്നതാണ്. അതൊക്കെ അദ്ദേഹത്തിന്റെ ദിവാസ്വപ്‌നം മാത്രമാണ്.
മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാമെന്ന വ്യാമോഹത്തിലാണ് ഈ പണി കൊണ്ട് ഇറങ്ങിയതെങ്കിൽ അദ്ദേഹത്തോട് വിനയപൂർവം പറയുകയാണ്. ആ വെച്ച പരിപ്പങ്ങ് പിൻവലിക്കുന്നതാണ് നല്ലതെന്നും മന്ത്രി പറഞ്ഞു.