Sunday, January 5, 2025
Kerala

തിരുവനന്തപുരത്ത് ആക്രിക്കടയിൽ നിന്ന് ആധാർ കാർഡുകളുടെ ശേഖരം കണ്ടെത്തി

തിരുവനന്തപുരത്തെ ആക്രി കടയില്‍ നിന്നും ആധാര്‍ കാര്‍ഡുകളുടെ വന്‍ശേഖരം കണ്ടെത്തി. 306 ആധാര്‍ കാര്‍ഡുകളും അനുബന്ധ രേഖകളും തപാല്‍ ഉരുപ്പടികളുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

വില്പനക്കായി എത്തിച്ച 50 കിലോയോളം പേപ്പറുകള്‍ക്ക് ഇടയില്‍ നിന്നാണ് കവര്‍ പോലും പൊട്ടിക്കാത്ത ആധാര്‍ രേഖകള്‍ കണ്ടെത്തിയത്. ഇതോടൊപ്പം ഇന്‍ഷുറന്‍സ് കമ്പനി, ബാങ്ക്, രജിസ്റ്റര്‍ ഓഫീസ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് അയച്ച രേഖകളും കണ്ടെത്തി. പേപ്പറുകള്‍ തരം തിരിക്കവെയാണ് രേഖകള്‍ കണ്ടെത്തിയത്.

കഴിഞ്ഞദിവസം ഒരു ഓട്ടോ ഡ്രൈവര്‍ കൊണ്ടുവന്ന ആക്രിസാധനങ്ങളുടെ കൂടെയാണ് ആധാര്‍ കാര്‍ഡുകളും മറ്റും ലഭിച്ചത്. കരകുളം മേഖലയില്‍ നിന്നുള്ളവരുടെ ആധാര്‍ കാര്‍ഡുകളാണ് കണ്ടെടുത്തവയില്‍ കൂടുതലും. ഇവയെല്ലാം കരകുളം പോസ്റ്റ്ഓഫീസില്‍ നിന്ന് വിതരണം ചെയ്യാത്തതാണെന്നാണ് പൊലീസ് നിഗമനം.

2015-ല്‍ നല്‍കിയ ആധാര്‍ കാര്‍ഡുകളും ഇക്കൂട്ടത്തിലുണ്ട്. ചില തപാല്‍ ഉരുപ്പടികളും ഇതോടൊപ്പം കണ്ടെത്തിയിരുന്നു. ഇതോടെ കടയുടമ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ വീഴ്ച വരുത്തിയോ എന്നത് പരിശോധിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *