Tuesday, March 11, 2025
Kerala

ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരായ സോളാര്‍ പീഡനക്കേസുകള്‍ സിബിഐയ്ക്ക്; സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏറെ വിവാദം സൃഷ്ടിച്ച സോളാര്‍ ലൈംഗിക പീഡനക്കേസുകള്‍ സിബിഐയ്ക്ക് വിടുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, നേതാക്കളായ കെ സി വേണുഗോപാല്‍, എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടി എന്നിവര്‍ക്കെതിരെയുള്ള കേസുകളുടെ അന്വേഷണമാണ് സിബിഐയ്ക്ക് വിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് സോളാര്‍ പീഡനക്കേസുകള്‍ സിബിഐയ്ക്ക് വിടുന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. വരുംദിവസങ്ങളില്‍ രാഷ്ട്രീയമായി വലിയ ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ നടപടി കാരണമാവുമെന്നാണ് വിലയിരുത്തപ്പെടുന്നു

സോളാര്‍ തട്ടിപ്പുകേസിലെ പ്രതി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ശുപാര്‍ശ ഉടന്‍ കേന്ദ്രത്തിന് അയക്കും. 2018 ഒക്ടോബറിലാണ് ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍ എന്നിവര്‍ക്കെതിരേ സോളാര്‍ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. തുടര്‍ന്ന് മുന്‍ മന്ത്രിമാരായ എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, അനില്‍ കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുള്ള എന്നിവര്‍ക്കെതിരെയും പീഡനക്കേസ് ചുമത്തി. മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും എംഎല്‍എ ഹോസ്റ്റലിലും ഹോട്ടലുകളിലുംവച്ച് പീഡിപ്പിച്ചെന്നായിരുന്നു മൊഴി. നിലവില്‍ ആറ് കേസുകളും പ്രത്യേക അന്വേഷണസംഘം അന്വേഷിച്ചുവരുന്നുണ്ട്. പീഡനക്കേസുകള്‍ സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ജനുവരി 20 നാണ് പരാതിക്കാരി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. നേരത്തെ തന്നെ സര്‍ക്കാര്‍ ഏജന്‍സികളുടെയും ജുഡീഷ്യല്‍ അന്വേഷണത്തിനും വിധേയമായതാണ് സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് നടന്ന ലൈംഗികപീഡന പരാതികള്‍.

 

Leave a Reply

Your email address will not be published. Required fields are marked *